തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘത്തിന്റെ കരാര്‍ കാലാവധി ഒരുവര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടി നല്‍കി. നവംബറില്‍ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിനാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയത്. സോഷ്യല്‍ മീഡിയ ടീമിന് ശമ്പള ഇനത്തില്‍ മാത്രം 6,64,490 രൂപയാണ് പ്രതിമാസം നല്‍കുന്നത്.
സോഷ്യല്‍ മീഡിയ സംഘത്തെ നയിക്കുന്ന കരാര്‍ ജീവനക്കാരന് പ്രതിമാസ ശമ്പളം 75,000, കണ്ടന്റ്് മാനേജര്‍ക്ക് 70,000, സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 65,000, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ക്കും സ്ട്രാറ്റജിസ്റ്റിനും 65,000 എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ സംഘത്തിന്റെ പ്രതിമാസ വേതനം. 22,290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനാണ് സംഘാംഗങ്ങളിലെ ഏറ്റവും കുറവ് ശമ്പളം. ഇതില്‍ നാല് പേരില്‍ നിന്ന് 44,420 രൂപയാണ് ആദായ നികുതിയിനത്തില്‍ മാത്രം നല്‍കുന്നത്. ഡെലിവെറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍, ഡേറ്റാ റിപോസിറ്ററി മാനേജര്‍ എന്നിങ്ങനെയുമുണ്ട് തസ്തികകള്‍.
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിപാലിക്കുന്നതിനാണ് താത്കാലിക ജീവനക്കാരുടെ ജംബോ പട്ടിക. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ രൂപീകരണവും തപാല്‍ സെര്‍വ്വറിന്റെ മെയിന്റനന്‍സും എന്ന ശീര്‍ഷകത്തിലാണ് ശമ്പളവിതരണം. ഒന്നാം പിണറായി സര്‍ക്കാരില്‍ ഒമ്പതുപേരാണ് സോഷ്യല്‍ മീഡിയ സംഘത്തിലുണ്ടായിരുന്നത്. 2022 നവംബര്‍ മെയ് 16 മുതല്‍ ആറുമാസത്തേക്കായിരുന്നു ആദ്യ നിയമനം. നവംബര്‍ 15നും കരാര്‍ അവസാനിച്ച സംഘത്തിനാണ് ഒരുവര്‍ഷത്തേക്കുകൂടി കാലാവധി പുതുക്കി നല്‍കിയത്. സര്‍ക്കാരിന്റെ വാര്‍ത്താ പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവിട്ടുള്ള കരാര്‍ നിയമനം നടത്തിയിട്ടുള്ളത്.