X

ലഖിംപൂരില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മുസ്‌ലിംലീഗ് നേതൃത്വം

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളെ സന്ദര്‍ശിച്ച് മുസ്‌ലിംലീഗ് നേതൃത്വം. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെയും മകന്‍ ആശിഷ് മിശ്രയുടെയും കൂട്ടാളികള്‍ വാഹനം ഇടിച്ചു കയറ്റി കൊന്ന 19കാരന്‍ ലവ്പ്രീത് സിങ്ങിന്റെയും മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെയും വീടുകളിലാണ് നേതാക്കളെത്തിയത്.

മുസ്‌ലിംലീഗ് ദേശീയ നേതൃത്വം ഇവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യമറിയിച്ചു. മുസ്‌ലിംലീഗിന്റെ എല്ലാ പിന്തുണയും സഹായ വാഗ്ദാനങ്ങളുമുണ്ടാവുമെന്ന് കുടുംബങ്ങള്‍ക്ക് ഉറപ്പു നല്‍കി. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും ഇടി ബഷീര്‍ അറിയിച്ചു.

ലഖിംപൂരില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുക്കുന്ന യോഗത്തിലേക്ക് കര്‍ഷകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ലവ്പ്രീത് സിങ് കൊല്ലപ്പെടുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപും കൊല്ലപ്പെട്ടു.

web desk 1: