ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീ. സെഷന്‍സ് ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 208 സാക്ഷികളാണ് കേസിലുള്ളതെന്നും അവരുടെ വിസ്താരവും എതിര്‍ വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വരെ സമയം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസിലുള്ളത്. ദൈനംദിന വാദം കേള്‍ക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സാക്ഷികള്‍ ഭീഷണി നേരിടുകയാണെന്നും മൂന്നുപേര്‍ക്കു നേരെ കൈയേറ്റമുണ്ടായതായും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ആരോപണം ആശിഷ് മിശ്രയുടെ അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി നിഷേധിച്ചു.ദൈനംദിന വാദമെന്ന ആവശ്യവും അദ്ദേഹം എതിര്‍ത്തു. മിശ്രയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 13ലേക്ക് മാറ്റി.