കരിപ്പൂരിൽനിന്ന് ഹജ്ജിനു പുറപ്പെടുന്ന വനിതകൾ മാത്രമായ തീർഥാടകസംഘങ്ങൾ എത്തിത്തുടങ്ങി. ഇന്ന് വൈകീട്ട് 06:35 മുതൽ തിങ്കളാഴ്‌ചവരെയുള്ള വിമാനങ്ങളിൽ വനിതകൾ മാത്രമാകും പുറപ്പെടുക.
ഇവരോടൊപ്പം സേവനത്തിനായി പുറപ്പെടുന്നതും വനിതാ വൊളന്റിയർമാരാണ്. സ്ത്രീകൾക്കു മാത്രമായുള്ള ആദ്യ വിമാനത്തിലെ തീർഥാടകർ രണ്ടുമണിയോടെ ഹജ്ജ് ക്യാമ്പിലെത്തി. ഇവരെ നഗരസഭാ അധികൃതർ, ഹജ്ജ് ക്യാമ്പിലെ വനിതാ ഉദ്യോഗസ്ഥർ, വൊളന്റിയർമാർ തുടങ്ങിയവർ ചേർന്ന് മധുരംനൽകി സ്വീകരിച്ചു.
ഇത്തവണ വനിതാ തീർഥാടകർക്ക് പ്രത്യേക കെട്ടിടം സഹിതം കൂടുതൽ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വനിതാ ബ്ലോക്ക് തുറന്നതോടെ കൂടുതൽ സൗകര്യമായി.
നിലവിലുള്ള ഹജ് ഹൗസിലായിരുന്നു നേരത്തേ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, പ്രാർഥന, ഭക്ഷണം എന്നിവയ്ക്കു സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ വനിതകൾക്കു മാത്രമായി പ്രത്യേക കെട്ടിടമായതിനാൽ എല്ലാവർക്കും കൂടുതൽ സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാനായി. ഇവിടെ പ്രത്യേക ഭക്ഷണശാലയും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.