കണ്ണൂര്‍: സംസ്ഥാനത്ത് സാധാരണക്കാരുടെ ഇഷ്ടമീനുകളായ അയിലക്കും മത്തിക്കും വന്‍ ക്ഷാമം. ട്രോളിംഗ് നിരോധനവും കനത്ത മഴയുമാണ് ക്ഷാമത്തിനു കാരണം. ഇതിനാല്‍ മീനുകള്‍ക്ക് തീവിലയാണ്. സംസ്ഥാനത്ത് മത്സ്യബന്ധനത്തിനു നിയന്ത്രണം ഉള്ളതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മീനുകള്‍ ഏറെയും എത്തുന്നത്. ഇവയില്‍ രാസവസ്തുക്കള്‍ ചേര്‍ത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയതോടെ മീന്‍ എത്തുന്നതും കുറഞ്ഞിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മീനുകള്‍ മാത്രമാണിപ്പോള്‍ വിപണിയിലുള്ളത്.
മലബാറിലെ പ്രധാന മാര്‍ക്കറ്റുകളായ കോഴിക്കോട്, വടകര, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സാധാരണക്കാരുടെ ഇഷ്ടമീനുകളായ അയിലക്ക് കിലോ ഗ്രാമിന് 230 മുതല്‍ 300 രൂപ വരെയും മത്തിക്ക് 200 മുതല്‍ 250 രൂപ വരെയുമാണ് വില. അയക്കൂറക്ക് 800 രൂപ മുതല്‍ 1300 വരെയാണ് കഴിഞ്ഞ ആഴ്ചയിലെ വില. ആകോലിക്ക് 750 മുതല്‍ 1000 രൂപ വരെയെത്തി. വിലകൂടുതല്‍ നല്‍കി മത്സ്യം വാങ്ങാന്‍ തയ്യാറായാലും പലയിടത്തും കിട്ടാനില്ല. എന്നാല്‍ ഫാമുകളില്‍ വളര്‍ത്തുന്ന ചെമ്മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കുന്നുണ്ട്്. വലുപ്പമനുസരിച്ച് വിലയില്‍ മാറ്റമുണ്ട്. ശരാശരി വലുപ്പമുള്ള ചെമ്മീനുകള്‍ക്ക് 250 രൂപ മുതല്‍ 400 രൂപ വരെയാണ് കണ്ണൂരിലെ വില.
മുള്ളന്‍, മാന്ത, സ്രാവ് തുടങ്ങിയവ മാര്‍ക്കറ്റില്‍ കണികാണാന്‍ പോലുമില്ല. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യ ത്തൊഴിലാളികള്‍ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്താറുണ്ട്. എന്നാല്‍ കാലവര്‍ഷം ശക്തമായതോടെ ഇവരും കടലില്‍ ഇറങ്ങിയിട്ടില്ല.
കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള മീനുകളില്‍ വ്യാപകമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രധാന മാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ചെക്കു പോസ്റ്റുകളിലും പരിശോധന നടത്താനാണ് തീരുമാനം.