ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ് ആര്‍ എം കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് നടക്കാവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു ആനിഖ്. എന്നാല്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന് അവസാന നിമിഷം കോളേജ് അറിയിച്ചു.
ഇതില്‍ നിരാശനായ വിദ്യാര്‍ഥി വീട്ടുകാര്‍ കല്യാണം ചടങ്ങിന് പോയ സമയത്ത് ജീവനൊടുക്കുകയായിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്വാസംമുട്ടല്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥിക്ക് പലപ്പോഴും ക്ലാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല എന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. പരീക്ഷാ ഫീസ് വാങ്ങിയിട്ടും പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.