ദോഹ ദവാര്‍
അശ്റഫ് തൂണേരി
ദോഹ:ഉറങ്ങാത്ത സൂഖ് വാഖിഫ് കാണാന്‍ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയതായിരുന്നു. അര്‍ധരാത്രി രണ്ടര മണി പിന്നിട്ടിട്ടും എങ്ങും ആരവങ്ങള്‍. വിവിധ രാജ്യക്കരായ ഫുട്ബോള്‍ ആരാധകര്‍ കൊടികളുമായി നൃത്തം ചെയ്യുന്നു.. മുദ്രാവാക്യങ്ങള്‍.. കൈയ്യില്‍ കൊണ്ടു നടക്കുന്ന മൈക്കില്‍ പാട്ടുപാടുന്നവരും റെക്കോര്‍ഡിട്ട് താളത്തില്‍ തുള്ളുന്നവരും. റസ്റ്റോറന്റുകളിലേയും കോഫി ഷോപ്പുകളിലേയും നടപ്പാതയിലെ ഇരിപ്പിടങ്ങളില്‍ രുചിയാസ്വദിക്കുന്നവരുടേയും ഹുക്ക നീട്ടിവലിക്കുന്നവരേയും നീണ്ടനിര.
കൈക്കുഞ്ഞുമായുള്ളവരുള്‍പ്പെടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പഴക്കം ചെന്ന ഹോട്ടലായ ബിസ്മില്ല ഹോട്ടലിനരികെയെത്തിയപ്പോഴാണ് ഒരേ താളത്തില്‍ പാട്ടും ഏറ്റുപാടലും കേട്ടത്. ബിസ്മില്ലയും പിന്നിട്ട് മുശൈരിബ് ഭാഗത്തേക്ക് പോവുമ്പോള്‍ കോര്‍ണറിലായുള്ള ദി വില്ലേജ് ഹോട്ടലിന്റെ അരികുഭിത്തിയില്‍ കയറി നിന്ന കുറേ ചെറുപ്പക്കാര്‍ അള്‍ജീരിയ, തുനീഷ്യ, മൊറോക്കോ, ഫലസ്തീന്‍ പതാകകള്‍ വീശുന്നുണ്ട്. അവരും ഇടവഴി മുഴുവന്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന യുവാക്കളും യുവതികളും ഒരുമിച്ചു പാടുകയാണ്. ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ…. നമ്മിലും ആവേശം ജനിപ്പിക്കുന്ന വരികള്‍. ഒന്ന് നിന്നു. പാടുന്നവരും ഏറ്റുപാടുന്നവരും ഏറിക്കൊണ്ടേയിരുന്നു. പാട്ടിലെ വരികളറിയാന്‍ താത്പര്യം ഏത് കേള്‍വിക്കാരനും തോന്നും. അടുത്തുണ്ടായിരുന്ന അറബ് വംശജനെന്ന് തോന്നിയ യുവാവിനോട് ഈ പാട്ട്…. എന്നൊരു സംശയം
പറയേണ്ട താമസം അയാള്‍: ഇതൊരു സ്വാതന്ത്ര്യപ്പോരാട്ട ഗാനമാണ്. 2019-ല്‍ അള്‍ജീരിയ ആവേശത്തോടെ ഏറ്റെടുത്ത ഗാനം. സൂള്‍കിംഗ് എന്ന് വിളിപ്പേരുള്ള അള്‍ജീരിയന്‍ യുവഗായകനും റാപ്പറുമായ അബ്ദുര്‍റഊഫ് ദെറാദ്ജിയാണ് പാടുന്നത്. പാരീസില്‍ രേഖകളില്ലാതെ അഭയാര്‍ത്ഥിയായി താമസിക്കുകയാണ് സൂള്‍കിംഗ്. അള്‍ജീരിയന്‍ തെരുവുകളിലെ സമരപോരാട്ടങ്ങളില്‍ ഉയര്‍ന്നുകേട്ട ഈ ഗാനം ഭരണാധികാരി അബ്ദുല്‍അസീസ് ബൂത്തെഫല്‍ക്കയെ രാജിയിലേക്ക് പ്രേരിപ്പിച്ച ഒരു കലാവിഷ്‌കാരം കൂടിയായി മാറിയതോടെ കൂടുതല്‍ ജനകീയമായി. 2019 മാര്‍ച്ചില്‍ യൂടുബില്‍ അപ്ലോഡ് ചെയ്ത ഈ ഗാനം കോടിക്കണക്കിനു പേര്‍ ഇതിനം കാണുകയും കേള്‍ക്കുകയും ചെയ്തു. (339,136,156 കാഴ്ചക്കാര്‍). അള്‍ജീരിയന്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലെ സംഗീത ബാന്റായ ഔലെദ് എല്‍ ബഹ്ദ്ജ എന്ന ഗ്രൂപ്പില്‍ നിന്നുള്ള ഒരു ഗാനമാണിത്. കുറച്ചുവരികള്‍ അവര്‍ക്ക് വേണ്ടി സൂള്‍കിംഗ് ഫ്രഞ്ചില്‍ എഴുതുകയായിരുന്നു. ലാലിബെര്‍തെയെന്നാല്‍ സ്വാതന്ത്ര്യം. അവസാന ഭാഗത്ത് അറബ് വരികളും ഇടകലരുന്നു. ഫുട്ബോള്‍ ആവേശത്തിനായി രചിച്ച് ഈണം പകര്‍ന്ന ആ പാട്ട് പിന്നീട് സമരഗാനമായി മധ്യപൂര്‍വ്വേഷ്യയെ പിടിച്ചുകുലുക്കി. വീണ്ടും ഫുട്ബോള്‍ ആവേശഗാനമായി, സമരപോരാട്ട വീര്യമായി ഖത്തറിലെത്തിയിരിക്കുന്നു.സൂഖ് വാഖിഫിന്റെ ഇടനാഴികളില്‍… ലാ..ലിബെര്‍തേ..ലാ..ലിബെര്‍തേ.. പാടുമ്പോള്‍ അറബ് ദേശക്കാര്‍ക്കൊപ്പം ഏറ്റുപാടുന്നവര്‍ രാജ്യാതിര്‍ത്തിയില്ലാത്തവരാണ്. ഫുട്ബോള്‍ മാത്രം അതിരുകണ്ടവര്‍.