X
    Categories: MoreViews

സിനിമാ തിയറ്ററുകള്‍ക്കും സഊദി അനുമതി നല്‍കി

റിയാദ്: സഊദി അറേബ്യയില്‍ സിനിമാ തിയറ്ററുകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ തീരുമാനമായി. ലൈസന്‍സ് അനുവദിക്കുന്നതിന് നടപടി ആരംഭിച്ചതായി സാംസ്‌കാരിക മന്ത്രി അവ്വാദ് ബിന്‍ സ്വാലിഹ് അല്‍ അവ്വാദ് അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ആദ്യ തിയറ്റര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്.

വിനോദ ആവശ്യങ്ങള്‍ക്കുവേണ്ടി സഊദികള്‍ വിദേശത്ത് ചെലവിടുന്ന കോടികള്‍ രാജ്യത്ത് തന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സഊദി ഭരണകൂടം പ്രതീക്ഷിക്കുന്നു. വര്‍ഷം 2000 കോടി ഡോളറോളം സഊദികള്‍ വിദേശത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിക്കാനും മറ്റും ചെലവിടുന്നുണ്ടെന്നാണ് കണക്ക്. കുറച്ചു മാസങ്ങളായി സഊദിയില്‍ പ്രത്യേക സംഗീത പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

സഊദി അറേബ്യയുടെ സമ്പദ് വ്യവ്യസ്ഥ സമൂലം ഉടച്ചുവാര്‍ക്കുന്ന ദേശീയ പദ്ധതിയാണ് വിഷന്‍ 2030. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സഊദികളുടെ ജീവിത രീതികള്‍ മാറ്റിമറിച്ചും രാജ്യത്തെ വന്‍ പുരോഗതിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്ന വിപ്ലവകരമായ പരിഷ്‌കരണത്തിലൂടെ മുഹമ്മദ് രാജകുമാരന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 37 വര്‍ഷത്തിനുശേഷം ആദ്യമായാണ് സഊദി സിനിമ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.

chandrika: