X
    Categories: More

ല കോന്‍വിവെന്‍സിയ – യൂത്ത്‌ലീഗ് ക്യാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം

തിരുനാവായ : മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ല കോന്‍വിവെന്‍സിയ ക്യാമ്പയിന് നിളാതീരത്ത് പ്രൗഢോജ്വല തുടക്കം. സാങ്കേതിക വിദ്യ ലോകത്തിലെ മനുനുഷ്യരെ അടുപ്പിക്കുമ്പോള്‍ മനുഷ്യ ബന്ധത്തില്‍ വരള്‍ച്ച അനുഭവപ്പെടുകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ല കോന്‍വിവെന്‍സിയ മുസ്‌ലിം യൂത്ത്‌ലീഗ് ക്യാമ്പയിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവികളുമായി അടുത്ത് ജീവിക്കാന്‍ മനുഷ്യര്‍ മനസ്സു കാട്ടണം. വൈജാത്യങ്ങളെ അംഗീകരിച്ച മതമാണ് ഇസ്‌ലാം. അതിനെതിരായി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മുസ്‌ലിംകളും തയ്യാറാവണം.

ആധുനിക വിദ്യ മനുഷ്യനെ അടുപ്പിക്കുമ്പോള്‍ ലോകവും സമൂഹവും അകലുന്നതാണ് കാണുന്നത്.വാണിജ്യ താല്‍പ്പര്യം പ്രയോജനപ്പെടുത്തി സാങ്കേതിക വിദ്യ ജനങ്ങളെ അടുപ്പിക്കുമ്പോള്‍ മനുഷ്യര്‍ അകലുന്നു.ശാസ്ത്രം വളരുമ്പോള്‍ അതിലെ ഉപജ്ഞാതാക്കളായ മനുഷ്യര്‍ വളരുന്നില്ല. പ്രകൃതി വരളുന്നത് ഒരു കാലഘട്ടത്തിലാണെങ്കില്‍ കാലഭേദമില്ലാതെ മനുഷ്യര്‍ വരണ്ട് ഉണങ്ങുകയാണ്. മനുഷ്യമനസ്സിന്റെ പരാജയമാണിത്. വെള്ളം ഒഴുകുന്നത് പോലെ മനസ്സുകള്‍ ഊര്‍ജ്ജസ്വലതകാണിക്കണം. ഹൃദയങ്ങളെ വെള്ളം പോലെ ശുദ്ധമാക്കണം. യൂത്ത് ലീഗിന്റെ ജലസമ്മേളനം അതിന് കരുത്ത് പകരും. ദാഹിക്കുന്ന ഹൃദയങ്ങളെ ശമിപ്പിക്കാന്‍ കഴിയേണ്ടതുണ്ട് അതിന് കഴിയാതെ വരുമ്പോഴാണ് മനുഷ്യരില്‍ വരള്‍ച്ചയുണ്ടാകുന്നത്. ജലാലുദ്ദീന്‍ റുമിയുടെ ജലത്തെയും ചന്ദ്രനെയും ഉപമിച്ചുള്ള വാക്കുകള്‍ നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട്. കരിമ്പില്‍ പാടങ്ങള്‍ നല്‍കുന്ന മധുരത്തെക്കാള്‍ ഇരട്ടിയാണ് അത് നല്‍കിയ സൃഷ്ടാവിന്റെ ശക്തി. സകലമാന സൗകര്യങ്ങളുടെയും സൃഷ്ടാവിനെ മനുഷ്യര്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. നദികള്‍ക്ക് ഒഴുകാന്‍ കഴിയണം. നദിയുടെ ഒഴുക്ക് നിര്‍ത്തിയാല്‍ മനുഷ്യ ജിവിതത്തിന്റെ താളം തെറ്റും. മണലൂറ്റലിലൂടെ നദികളുടെ ചക്രമാണ് വെട്ടിമാറ്റുന്നത്. വരാനിരിക്കുന്ന പോരാട്ടം സാമ്രാജ്യം വെട്ടിപ്പിടിക്കാനുള്ളതല്ല നിലനില്‍പ്പിന് വേണ്ടിയുള്ള യുദ്ധമായിരിക്കുമെന്നും അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
അറബ് നാടുകളില്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ എണ്ണ ഊറ്റിക്കുടിച്ചു. ഇനി അവരുടെ നോട്ടം അവിടുത്തെ വെള്ളത്തിലാണ്. വെള്ളത്തിന് വേണ്ടിയുള്ള പോരാട്ടം ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. അതിനാല്‍ ജലസംരക്ഷണത്തിനുള്ള യൂത്ത് ലീഗിന്റെ ആഹ്വാനം സമൂഹം ഏറ്റെടുക്കണം. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ല കോന്‍വിവെന്‍സിയ ക്യാമ്പയിന്റെ വിഷയാവതരണം അഡ്വ. ബാബു മോഹനകുറുപ്പ് നടത്തി, ജല സമ്മേളനം മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. യൂത്ത് ഫോര്‍ എര്‍ത്ത് ക്യാമ്പയിന്റെ വിശയാവരതണം അഡ്വ. ഹരീഷ് വാസുദേവ് നിര്‍വ്വഹിച്ചു. വാട്ടര്‍ മാനിഫെസ്റ്റോ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍, സി.പി ബാവഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.എം അബ്ദുള്‍ ഗഫൂര്‍ പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ സമദ് നന്ദിയും പറഞ്ഞു. യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം രക്തദാനവും ബോധവത്കരണവും വിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍ യൂത്ത് ഫോര്‍ എര്‍ത്ത് ആമുഖ പ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ ഫൈസല്‍ ബാബു പ്രസംഗിച്ചു.

chandrika: