ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.
ഗുജറാത്തിലെ സോംനാഥില്‍ മാര്‍ച്ച് എട്ടിന് നടന്ന പാര്‍ട്ടി യോഗത്തില്‍ മോദി സ്ഥാനം ഏറ്റെടുക്കാന്‍ അദ്വാനിയോട് അഭ്യര്‍ത്ഥിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ ഗുരുദക്ഷിണയാണ് ഈ സ്ഥാനമെന്നും ഏറ്റെടുക്കണമെന്നുമായിരുന്നു മോദിയുടെ അഭ്യര്‍ത്ഥന.
ഈ വര്‍ഷം ജൂലൈയിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്നത്. രാജ്യത്തെ തലമുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകരില്‍ ഒരാളാണ് 89കാരനായ എല്‍.കെഅദ്വാനി. ആര്‍.എസ്.എസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന കുറ്റാരോപിതനുമാണ്.
മസ്ജിദ്് തകര്‍ത്ത കേസില്‍ അദ്വാനിക്കെതിരെ ചുമത്തിയിരുന്ന ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി വിധി പുനഃപരിശോധിക്കുമെന്ന് ഈയിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 1998-2004 കാലയളവിലെ വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. 2002-2004 കാലയവളിലാണ് ഉപപ്രധാനമന്ത്രി പദം വഹിച്ചത്. നരേന്ദ്രമോദിയെ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും വരെ പാര്‍ട്ടിയിലെ ഒന്നാമനായിരുന്നു അദ്വാനി.
മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ വേളയില്‍ അദ്വാനി അതിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ മോദി അദ്വാനിയെ ഒതുക്കി. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നു പോലും നീക്കുകയും ചെയ്തു.
അതേസമയം, മാര്‍ഗനിര്‍ദേശക് എന്ന സ്ഥാനം അദ്ദേഹത്തിനു നല്‍കി പാര്‍ട്ടി യോഗങ്ങളിലേക്ക് അദ്വാനിയെ ക്ഷണിക്കുകയും ചെയ്തു. ബാബരി മസ്ജിദ് ധ്വംസനത്തിനു വേണ്ടി അദ്വാനി രൂപം നല്‍കിയ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഗുജറാത്തിലെ മുന്നണിപ്പോരാളിയായിരുന്നു മോദി.