കീവ്: റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്ന്‍ തലസ്ഥാന നഗരിയില്‍ മഞ്ഞുവീഴ്ച കൂടി ആരംഭിച്ചതോടെ ജനജീവിതം ദുരിതപൂര്‍ണമായി. കീവ് നഗരത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതിയില്ലാതെ കൊടുംതണുപ്പില്‍ കഴിയുന്നത്.
വരും ദിവസങ്ങളില്‍ മഞ്ഞു വീഴ്ച കനക്കുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകും. കീവിലെ വൈദ്യുതി, കുടിവെള്ള വിതരണം റഷ്യന്‍ ആക്രമണത്തില്‍ പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്. ദിവസം നാല് മണിക്കൂറിലധികം വൈദ്യുതി ഉണ്ടാകില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രകൃതി വാതകത്തിനും കടുത്ത ക്ഷാമം അനുഭവിക്കുന്നുണ്ട്. ശൈത്യം തുടങ്ങുന്നതിന് മുമ്പ് യുക്രെയ്‌ന്റെ മിക്ക ഭാഗങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ റഷ്യ ബോംബിട്ട് തകര്‍ത്തിരുന്നു.