കീവ്: യുദ്ധം ഏഴാം ദിവസത്തേക്ക് കടന്നപ്പോള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. കൊടും തണുപ്പില്‍ കാതടപ്പിക്കുന്ന സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും നഗരവാസികളുടെ ഉറക്കം കെടുത്തുന്നതോടൊപ്പം കടുത്ത ഭക്ഷ്യ, ഔഷധ ക്ഷാമവും കീവിനെ പിടികൂടിയിട്ടുണ്ട്.
റഷ്യന്‍ സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും നഗരത്തെ സമീപിച്ചുകൊണ്ടിരിക്കെ കീവിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയറിന് ചുറ്റും ടാങ്ക് വേധ തോക്കുകളും മണല്‍ചാക്കുകളും നിരത്തി സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. നഗരത്തില്‍ അവശേഷിക്കുന്നവര്‍ ഭക്ഷണം കിട്ടാതെ പട്ടിണിയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
റഷ്യന്‍ ബാങ്ക് യൂറോപ്പ് വിടുന്നു
മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ കണക്കിലെടുത്ത് റഷ്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്‌ബെര്‍ബാങ്ക് യൂറോപ്പില്‍നിന്ന് പിന്മാറുന്നു. യൂറോപ്പിലെ ബ്രാഞ്ചുകളില്‍നിന്ന് നിക്ഷേപങ്ങള്‍ അതിവേഗം പിന്‍വലിക്കപ്പെടുന്ന സാഹചര്യത്തിലും ജീവനക്കാര്‍ക്കുള്ള സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് പിന്മാറ്റമെന്ന് സ്‌ബെര്‍ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ ശൃംഖലകള്‍ അടയ്ക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടിരുന്നു. റഷ്യയുടെ സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പാശ്ചാത്യ ശക്തികള്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.