ന്യൂഡൽഹി: കെവൈസി അപ്‌ഡേറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവില്‍ നിരവധി ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയായതായി ആർബിഐ പറഞ്ഞു.
ഇത്തരത്തില്‍ നിരവധി പരാതികള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളില്‍ നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു.
തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്‍ക്ക് ആദ്യം ഫോണ്‍ കോളിലൂടെയോ എസ്‌എംഎസ് വഴിയോ ഇമെയില്‍ വഴിയോ സന്ദേശം അയക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ നേടിയെടുത്ത് അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഇതുകൂടാതെ, അവരുടെ അക്കൗണ്ടിൻന്റെ ലോഗിൻ വിശദാംശങ്ങള്‍ ചോദിക്കുന്നു അല്ലെങ്കില്‍ ലിങ്ക് അയച്ച് അവരുടെ മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുന്നു.
അത്തരം സന്ദേശങ്ങളില്‍, ഉപഭോക്താവ് അനുസരിച്ചില്ലെങ്കില്‍, അനാവശ്യ തിടുക്കം കാണിക്കാൻ ശ്രമിക്കുകയോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഉപഭോക്താവിന്മേല്‍ സമ്മർദ്ദം ചെലുത്തുന്നു. ഉപഭോക്താക്കള്‍ അവരുടെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങളോ ലോഗിൻ വിശദാംശങ്ങളോ പങ്കിടുമ്പോള്‍, തട്ടിപ്പുകാരന് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുകയും തുടർന്ന് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.
സാമ്പത്തിക സൈബർ തട്ടിപ്പ് കേസുകളില്‍, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (www.cybercrime.gov.in) അല്ലെങ്കില്‍ 1930 എന്ന സൈബർ ക്രൈം ഹെല്‍പ്പ് ലൈൻ ഡയല്‍ ചെയ്തുകൊണ്ട് ഉടൻ പരാതി നല്‍കണമെന്ന് ആർബിഐ നിർദേശിച്ചു. എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ആർബിഐ നല്‍കിയിട്ടുണ്ട്.
എന്തു ചെയ്യണം?
KYC അപ്‌ഡേറ്റിനായി അഭ്യർത്ഥിക്കുമ്പോള്‍, ആദ്യം നിങ്ങളുടെ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ നേരിട്ട് ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക.
ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും ഉറവിടങ്ങളിലൂടെയും മാത്രം ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്‍ടാക്റ്റ് നമ്ബറുകളോ കസ്റ്റമർ കെയർ ഫോണ്‍ നമ്പറുകളോ നേടുക.
സൈബർ തട്ടിപ്പ് ഉണ്ടായാല്‍ ഉടൻ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കുക.
എന്തു ചെയ്യാൻ പാടില്ല?
ബാങ്ക് അക്കൗണ്ട് ലോഗിൻ വിശദാംശങ്ങള്‍, കാർഡ് വിവരങ്ങള്‍, പിൻ, പാസ്‌വേഡ്, ഒടിപി എന്നിവ ആരുമായും പങ്കിടരുത്.
KYC ഡോക്യുമെൻറിന്റെ പകർപ്പ് അജ്ഞാതരായ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ പങ്കിടരുത്.
സ്ഥിരീകരിക്കാത്ത അനധികൃത വെബ്‌സൈറ്റുകളിലൂടെയോ ആപ്ലിക്കേഷനുകളിലൂടെയോ സെൻസിറ്റീവ് ഡാറ്റ വിവരങ്ങളൊന്നും പങ്കിടരുത്.
മൊബൈലിലോ ഇമെയിലിലോ ലഭിക്കുന്ന സംശയാസ്പദമായതോ സ്ഥിരീകരിക്കാത്തതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.