കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
കെ.വി തോമസ് മാസ്റ്റര്‍ എന്റെ ഗുരുനാഥന്‍ കൂടിയാണ്. അദ്ദേഹം പാര്‍ട്ടി അച്ചടക്കത്തിന്റെ ഫ്രെയിമില്‍ നില്‍ക്കുന്നയാളാണ്. പാര്‍ട്ടി തീരുമാനം എടുത്താല്‍ അദ്ദേഹം അതില്‍ ഉറച്ച് നില്‍ക്കും. കോണ്‍ഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ലെന്നാണ് വിശ്വാസം. അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഏതു സ്ഥാനത്തേക്ക് വരാനും അര്‍ഹനായ ആളാണ്. ഡി.സി.സി അധ്യക്ഷന്‍, കെ.പി.സി.സി ട്രഷറര്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ്, എം.എല്‍.എ, എം.പി, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഏത് ഉത്തരവാദിത്തവും ഭംഗിയായി ചെയ്യാന്‍ കഴിവുള്ള ആളാണ് കെ.വി തോമസ്.
ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ യോജിക്കണമെന്ന് സി.പി.എമ്മില്‍ ചര്‍ച്ച വന്നപ്പോള്‍ കോണ്‍ഗ്രസ് വേണ്ടെന്ന നിലപാടാണ് പിണറായി വിജയനും കേരള ഘടകവും സ്വീകരിച്ചത്. കേരള ഘടകം കോണ്‍ഗ്രസ് വിരുദ്ധരും ബി.ജെ.പിയോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. ബി.ജെ.പി ജയിച്ചാലും കുഴപ്പമില്ല കോണ്‍ഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അവരോട് സഖ്യം ചെയ്യേണ്ട ഒരാവശ്യവും കോണ്‍ഗ്രസിനില്ല വിഡി സതീശന്‍ പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസാണ് തീരുമാനിച്ചത്. അവരുമായി സഹകരിക്കേണ്ടതില്ലെന്നതാണ് നിലപാട്. പ്രത്യേകിച്ചും കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍. ഞങ്ങളുടെ എത്ര പേരെയാണ് കൊലചെയ്തത്. എത്ര പേരുടെ രക്തം വീണ് കിടക്കുന്ന മണ്ണാണ് കണ്ണൂര്‍. ഞങ്ങള്‍ക്ക് അതിന് പറ്റുന്നില്ല. അത്രയൊക്കെ വിശാല മനസേ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനൂള്ളൂ എന്ന് കരുതിയാല്‍ മതി. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോര വീണ് കിടക്കുന്ന മണ്ണില്‍ പോയി സി.പി.എം നേതാക്കളുമായി കൈ കൊടുക്കാന്‍ മനസില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. ഇടുങ്ങിയ ചിന്താഗതിയാണ് ഇക്കാര്യത്തിലെന്ന് ചിന്തിച്ചാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. അതാണ് കേരളത്തിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ് അദ്ദേഹം പറഞ്ഞു.