കൊച്ചി: അധികാരമോഹത്തില്‍ എല്‍ഡിഎഫിലെത്തിയ കെ.വി തോമസിനും, വിദ്വേഷ പ്രചാരണത്തിലൂടെ ബിജെപിക്ക് വോട്ട് തേടിയ പി.സി ജോര്‍ജ്ജും ഇരുഭാഗത്തും ഒരു ചലനവും സൃഷ്ടിച്ചില്ല. തൃക്കാക്കരയില്‍ ചരിത്രജയം ആഘോഷിക്കുമ്പോള്‍ തോമസും ജോര്‍ജും നനഞ്ഞ പടക്കങ്ങളായി മാറി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിലാണ് കെ.വി തോമസ് എല്‍ഡിഎഫിലെത്തിയത്. പ്രചാരണത്തിന് മുന്നില്‍ സ്ഥാനം പ്രതീക്ഷിച്ചെങ്കിലും മുന്നണിയോ നേതാക്കളോ കെ.വി തോമസിനെ പിന്നീട് അടുപ്പിച്ചതേയില്ല. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വോട്ടെണ്ണല്‍ ദിവസം മുമ്പ് വരെ എല്‍ഡിഎഫ് ജയിക്കുമെന്ന് വീരവാദം മുഴക്കിയ കെ.വി തോമസ് ഫലം വന്നപ്പോള്‍ മുമ്പ് പറഞ്ഞതിനെയെല്ലാം ന്യായീകരിച്ചു.
പതിനായിരത്തിനപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് തോമസ് പറഞ്ഞു. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമായെന്നും, കേരളം പലപ്പോഴും വികസനമുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിജയാഘോഷത്തിനിടെ തോമസിനെതിരെ വലിയ പ്രതിഷേധങ്ങളാണുണ്ടായത്. വീടിന് മുന്നില്‍ തിരുത മീന്‍ കറിവച്ച് വിളമ്പിയും, വില്‍പ്പനക്ക് വച്ചും പ്രവര്‍ത്തകര്‍ രോഷം പ്രകടിപ്പിച്ചു. പതിഷേധം ശക്തമായതോടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പ്രതിഷേധവും ട്രോളും ഭയന്ന് കെ.വി തോമസിന് ഫേസ്ബുക്ക് പേജ് പോലും തല്‍ക്കാലത്തേക്ക് പിന്‍വലിക്കേണ്ടി വന്നു. രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് കെ.വി തോമസ് തൃക്കാക്കര ഫലത്തിലൂടെ നേരിട്ടത്. മതവിദ്വേഷ പ്രസംഗ കേസില്‍ രണ്ട്് വട്ടം അറസ്റ്റിലായി ജയിലില്‍ കഴിയേണ്ടി വന്ന പി.സി ജോര്‍ജിലൂടെ വര്‍ഗീയ ദ്രുവീകരണം സൃഷ്ടിച്ച് കൂടുതല്‍ വോട്ടുകള്‍ നേടാമെന്നായിരുന്നു ബിജെപിയുടെ മോഹം. പക്ഷേ പി.സി പറഞ്ഞതിനെ തൃക്കാക്കരക്കാര്‍ ഒട്ടും വകവച്ചില്ല.
ബിജെപിക്ക് മുമ്പ് ലഭിച്ച വോട്ടുകള്‍ പോലും നിലനിര്‍ത്താനായില്ല. വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് ഞായറാഴ്ച ഹാജരാകണമെന്ന നോട്ടീസ് അവഗണിച്ച് എന്‍ഡിഎയ്ക്ക് വേണ്ടി പ്രചരണത്തിനായി തൃക്കാക്കരയിലെത്തിയിരുന്നു. പി.സിയെ കുരിശിലേറ്റിയിരിക്കുകയാണെന്നും മൂന്നാം തീയതി അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുമായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വാക്കുകള്‍, ഫലം വന്നപ്പോള്‍ ബിജെപിക്ക് ഉള്ള വോട്ടുകള്‍ കൂടി നഷ്ടം !