X

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒഴിവാക്കിയെന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും മറ്റുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍.

പ്രളയക്കെടുതി അതിജീവിക്കുന്നതോടൊപ്പം മികവിന്റെ വര്‍ഷം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുംവിധം പഠനപാഠ്യേതര പ്രവര്‍ത്തനങ്ങളും പരീക്ഷകളും കൂടുതല്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ കഴിവ് വികസിപ്പിക്കാനുതുകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകും. സമയക്രമങ്ങളില്‍ മാറ്റം വരുത്തിയേക്കാം. ഇതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ മാസം ഏഴിന് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടുന്ന ക്യു.ഐ.പി മോണിറ്റിങ് സമിതി യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

സമിതിയുടെ ശിപാര്‍ശകള്‍ സര്‍ക്കാറിനു സമര്‍പ്പിച്ച് ഇതുസംബന്ധിച്ച് അന്തിമതീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വരുന്നതുവരെ സമൂഹമാധ്യമങ്ങള്‍ വഴി ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.

chandrika: