കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്) കുവൈത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനം “ഫ്ലോറെൻസ് ഫിയസ്റ്റ 2023” എന്ന പേരിൽ വിപുലമായി ആചരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറെൻസ് നൈറ്റിങ്ഗേളിന്റെ സ്മരണാർത്ഥം മെയ് 12 നു അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനോഷണൽ സ്‌കൂളിലാണ് പരിപാടി സംഘടിപ്പിക്കുന്നത് .
കുവൈത്ത് ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക, കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിസ് ചിറമേൽ, കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിംഗ് വിഭാഗം മേധാവികൾ, കുവൈത്തിലെ സാമൂഹിക പ്രമുഖർ അടക്കം നിരവധി പേരെ പങ്കെടുപ്പിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനവും നഴ്സസ് അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും. വൈകുന്നേരം അഞ്ചു മണിക്ക് പരിപാടികൾ ആരംഭിക്കും.
“ഫ്ലോറെൻസ് ഫിയസ്റ്റ 2023 ” വേദിയിൽ വെച്ച് സീനിയർ നേഴ്സ് മാരെ ആദരിക്കും. കുവൈത്തിൽ ജോലി ചെയ്യുന്ന മുഴുവൻ നേഴ്സ് മാരെയും ഉൾപ്പെടുത്തി പോസ്റ്റർ കോമ്പറ്റിഷൻ, സോങ് കോണ്ടസ്റ്, എന്നിവയും ഇൻഫോക് അംഗങ്ങളുടെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ മെയ് 12 നു രാവിലെ 9 മണിക്ക് ആരംഭിക്കും.ഇൻഫോക് അതിന്റെ പ്രവർത്തനങ്ങളൂം അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ പ്രസക്തിയും പ്രതിഫലിപ്പിക്കുന്ന “ഇൻഫോക് മിറർ” എന്ന മാഗസിനും പരിപാടിയിൽ പ്രകാശനം ചെയ്യും.
ഇൻഫോക് ഈ വര്ഷം തൃശൂർ ജില്ലയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം അന്താരാഷ്ട്ര നഴ്സസ്ന ദിനത്തിന് മുന്നോടിയായി മെയ് 7 ന് നിർവ്വഹിക്കും. പൂർണമായും ഇൻഫോക് അംഗങ്ങൾ സ്വരൂപിച്ച തുക കൊണ്ടാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.കടുവ സിനിമയിലെ “പാലപ്പള്ളി” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച അതുൽ നറുകരയും മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മഹേഷ് കുഞ്ഞുമോനും പരിപാടിയിൽ പങ്കെടുക്കും.
പ്രസിഡന്് ബിബിൻ ജോർജ്, സെക്രട്ടറി രാജലക്ഷ്മി ശൈമേഷ്, ട്രഷറർ ജോബി ഐസക്, പ്രോഗ്രാം കോഡിനേറ്റർ ഗിരീഷ് കെ.കെ. , മീഡിയ കൺവീനർ ഷൈജു കൃഷ്ണൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു