കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ 1183 പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ മരവിപ്പിക്കാന്‍ തീരുമാനം. ബജറ്റ് നിര്‍ദേശത്തിന് അനുസൃതമായി 48 സര്‍ക്കാര്‍ ഏജന്‍സികളിലായാണ് ഇത് നടപ്പാക്കുക. 15 മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന 626 പ്രവാസികളുടെ ജോലിയും ഇതിന്റെ ഭാഗമായി നഷ്ടമാകും.
വൈദ്യുത-ജല മന്ത്രാലയത്തില്‍ നിന്നാണ് ഏറ്റവുമധികം പ്രവാസികളെ ഒഴിവാക്കുന്നത്. 130 പേരുടെ തൊഴില്‍ കരാര്‍ മന്ത്രാലയം റദ്ദാക്കും. ആരോഗ്യ മന്ത്രാലയത്തിലെ 123 പേരുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെ 101 പേരുടെയും നീതി മന്ത്രാലയത്തിലെ 84 പേരുടെയും ജോലി നഷ്ടമാകും. ആഭ്യന്തര മന്ത്രാലയത്തിലെ 70 പേരുടെയും ഔഖാഫിലെ 48 പേരുടെയും തൊഴില്‍ കരാറുകളും റദ്ദാക്കും. കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തില്‍ നിന്ന് 33 പ്രവാസികളെ ഒഴിവാക്കും. പ്രതിരോധം അടക്കമുള്ള മറ്റ് മന്ത്രാലയങ്ങളില്‍ നിന്നും പ്രവാസികളുടെ തൊഴില്‍ കരാറുകള്‍ മരവിപ്പിക്കുകയാണ്. നാഷണല്‍ അസംബ്ലി അടക്കമുള്ള മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും കസ്റ്റംസില്‍ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ കരാറുകള്‍ സംബന്ധിച്ച പട്ടികകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉപകരാര്‍ സ്ഥാപനങ്ങളിലെ 429 പ്രവാസികളുടെയും ജോലി നഷ്ടമാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.