X
    Categories: gulfNews

മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 പേര്‍, എത്തിയത് 135,000 പേര്‍

കുവൈത് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത് 197,000 യാത്രക്കാര്‍. ഈ കാലയളവില്‍ രാജ്യത്തേക്ക് 135,000 പേര്‍ എത്തുകയും ചെയ്തു. 1965 വിമാന സര്‍വീസുകളിലാണ് ഈ യാത്രകള്‍. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണിത്.

ആദ്യ ഘട്ടത്തില്‍ വിമാനത്തിന്റെ പരമാവധി ഉള്‍ക്കൊള്ളലിന്റെ 30 ശതമാനം യാത്രക്കാരെ മാത്രം വച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി പറഞ്ഞു.

കുവൈത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരില്‍ അധികവും തുര്‍ക്കി, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ളവരായിരുന്നു.

നിലവില്‍ ഇന്ത്യയടക്കമുള്ള 34 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിരോധിത രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ മറ്റൊരു മാര്‍ഗമുണ്ട്. നിരോധിച്ച രാജ്യങ്ങളിലെ ആളുകള്‍ക്ക് ഈ 34ല്‍ ഉള്‍പെടാത്ത ഒരു രാജ്യത്തേക്ക് ആദ്യം പ്രവേശിക്കുക. അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിയുക. തുടര്‍ന്ന് ഒരു പിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപത്രം സമര്‍പിച്ചാല്‍ കുവൈത്തില്‍ പ്രവേശിക്കാം.

web desk 1: