കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിജിറ്റല്‍ സിവില്‍ ഐഡി അംഗീകൃത യാത്രാ രേഖയായി ഉപയോഗിക്കാന്‍ അനുമതി. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച അനുമതി നല്‍കിയത്. കുവൈത്ത് മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ടൂറിസം, ട്രാവല്‍ ഓഫീസുകളിലും ഈ ഐഡി അംഗീകരിക്കും. യഥാര്‍ത്ഥ സിവില്‍ കാര്‍ഡിന് പകരം മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. പൗരന്മാര്‍ക്കും താമസാനുമതിയുള്ള വിദേശികള്‍ക്കും സ്മാര്‍ട് ഫോണുകളിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇതു സംബന്ധിച്ച് സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വ്യോമയാന മന്ത്രാലയം എന്നിവയ്ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.