കുവൈത്ത് സിറ്റി/ മലപ്പുറം: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 5 പേരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം മലപ്പുറം ലീഗ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മില്‍ നിറഞ്ഞു നിന്ന കെ.എം.സി.സി. യുടെ സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെ.എം.സി.സി.പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവാറുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ട്രഷറര്‍ എം.ആര്‍. നാസര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.സി. മെമ്പര്‍മാരുടെ നിര്‍ബന്ധിത ബാധ്യതയാണ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമെന്നു എം.ആര്‍ നാസര്‍ പറഞ്ഞു.
പ്രവാസ ജീവിതത്തിനിടയില്‍ നാഥന്റെ വിളിക്കുത്തരം നല്‍കേണ്ടി വന്നവരേറെയാണു. കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും പകരം വെക്കാനാവില്ല.പക്ഷെ സാന്ത്വനത്തോടൊപ്പം കെ എം സി സി യുടെ ഇത്തരം സമാശ്വാസ പദ്ധതികള്‍ തികച്ചും മാതൃകാപരമാ മാണെന്നുംചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.യും കുവൈത്ത് കെ.എം.സി.സി. നിരീക്ഷകനുമായ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. സംഘശക്തിയുടെ കരുത്തോടെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുവൈത്ത് കെ.എം.സി.സി. അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഇനത്തില്‍ അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നല്‍കുന്നത്. കുവൈത്ത് കെ എം സി സി അംഗമായിരിക്കെ മരണപ്പെട്ടവരില്‍ 5 പേരുടെ കുടുംബത്തിനുള്ളതാണ് ചടങ്ങില്‍ അവരുടെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റികള്‍ക്ക് കൈമാറിയത്. തൃക്കരിപ്പൂര്‍, എലത്തൂര്‍, കൊയിലാണ്ടി, മഞ്ചേരി, തിരൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള മരണപ്പെട്ട ഒരോ അംഗങ്ങളുടേയും ആശ്രിതര്‍ക്കാണ് ഫണ്ട് കൈമാറിയത്. കുവൈത്ത് കെ.എം.സി.സി. മെമ്പര്‍ഷിപ് കാമ്പയിനോടൊപ്പമാണ് 2021 ലെ ഫണ്ട് സ്വീകരിച്ചത്.
കുവൈത്ത് കെ.എം.സി.സി. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി തല്‍ഹത്ത് ആലുവ സ്വാഗതവും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ ബാബു, ഷിബു മീരാന്‍,ടി.പി. അഷ്റഫലി, സാജിദ് നടുവണ്ണൂര്‍, അന്‍വര്‍ സാദത്ത്,തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കൊയിലാണ്ടി, മലപ്പുറം ജില്ലാ കുവൈത്ത് കെ.എം.സി.സി. ട്രഷറര്‍ അയ്യൂബ് പുതുപ്പറമ്പ്, ആശംസകളര്‍പ്പിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ഷാഫി മങ്കട, നൗഷാദ് വെട്ടിച്ചിറ, ഫസല്‍ കൊണ്ടോട്ടി, ഫൈസല്‍ വേങ്ങര, ആബിദ് ഹുസൈന്‍ തങ്ങള്‍ പെരിന്തല്‍മണ്ണ, മുഹമ്മദ് കമാല്‍ മഞ്ചേരി, ഫാറൂഖ് തെക്കേക്കാട്, ഷാജി മണലൊടി, ഹസ്സന്‍ കൊണ്ടോട്ടി, ശരീഖ് നന്തി, മുഹമ്മദ് കൊടക്കാട്, സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ഏറ്റുവാങ്ങാനെത്തിയ ശാഖാ/ വാര്‍ഡ് നേതാക്കള്‍, കുടുംബാംഗങ്ങള്‍, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.