X

കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി

കുവൈത്തിലെ ലേബര്‍ ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗും വിമാനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രിമാര്‍ അടക്കമുള്ളവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്‌നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് നോര്‍ക റൂട്ട്‌സിന് കീഴില്‍ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് പ്രത്യേക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ എട്ട് ആംബുലന്‍സുകളും വിമാനത്താവളത്തില്‍ എത്തിട്ടുണ്ട്.

അതേസമയം, തീപിടിത്തത്തില്‍ സുരക്ഷാവീഴ്ച ആരോപിച്ച് 2 പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

തീപിടിത്തത്തില്‍ 45 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 50ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ 4.05ഓടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം.

webdesk13: