കുവൈത്ത് സിറ്റി: അഭൂതപൂര്‍വ്വമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുവൈത്ത് കടന്നു പോകുന്നത് എന്ന് ധനമന്ത്രാലയം. ഒക്ടോബര്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത ഗുരുതരമായ സാഹചര്യത്തിലാണ് നിലവിലുള്ളത് എന്ന് ധനമന്ത്രി ബറക് അല്‍ ഷീതാന്‍ പറഞ്ഞു. രാജ്യത്തിന്റെ ജനറല്‍ റിസര്‍വ് ഫണ്ടില്‍ (ജി.ആര്‍.എഫ്) അവശേഷിക്കുന്നത് രണ്ട് ബില്യണ്‍ ദിനാര്‍ മാത്രമാണ്. എന്നാല്‍ പ്രതിമാസം 1.7 ബില്യണ്‍ ദിനാറാണ് ചെലവുകള്‍ക്കായി വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ധനകാര്യ മാദ്ധ്യമമായ ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. എണ്ണവില ഉയരുകയോ വിപണികളില്‍ നിന്ന് കടമെടുക്കുകയോ ചെയ്തില്ലെങ്കില്‍ ശമ്പളച്ചെലവുകള്‍ക്ക് പണം തികയില്ലെന്ന് മന്ത്രി പറഞ്ഞു. 20 ബില്യണ്‍ ദിനാറിന്റെ വായ്പയാവശ്യപ്പെട്ട് ധനമന്ത്രാലയം പാര്‍ലമെന്റിന് കത്തു നല്‍കിയിട്ടുണ്ട്. അടുത്ത പത്തു വര്‍ഷത്തേക്കുള്ള പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് ഇത് സമര്‍പ്പിച്ചത്.
പ്രതിസന്ധി മറികടക്കാന്‍ ഈ സാമ്പത്തിക വര്‍ഷം അവസാനത്തില്‍ അഞ്ചു ബില്യണ്‍ കുവൈത്ത് ദിനാറിന്റെ കടപത്രം പുറപ്പെടുവിക്കാന്‍ ആലോചനയുണ്ട്. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ കടപത്രം ഇഷ്യൂ ചെയ്യും. പാര്‍ലമെന്റെ അനുമതി കിട്ടിയാലും കടപത്ര വില്‍പ്പനയ്ക്കായി മൂന്നു നാലു മാസമെടുക്കും.
ജനറല്‍ റിസര്‍വ് ഫണ്ടിന്റെ ആസ്തിയില്‍ നിന്ന് 2.2 ബില്യണ്‍ കുവൈത്ത് ദിനാര്‍ വില്‍പ്പനയ്ക്ക് വയ്ക്കാനാണ് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാജ്യത്തെ മറ്റ് ഫണ്ടുകളായ സോവറീന്‍ ഫണ്ട്, ഫ്യൂച്ചര്‍ ജനറേഷന്‍ ഫണ്ട് എന്നിവയ്ക്കാണ് ഇതു വില്‍ക്കുന്നത്. ഇടക്കാല സാമ്പത്തിക പരിഷ്‌കരണ പദ്ധതി എന്നാണ് ഇതിനെ ധനമന്ത്രാലയം വിശേഷിപ്പിക്കുന്നത്.