X

കുവൈത്ത് അമീര്‍ അന്തരിച്ചു; വിട പറഞ്ഞത് കുവെത്തിന്റെ വികസന നായകന്‍

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. അമേരിക്കയിലെ ആശുപത്രിയിലാണ് അന്ത്യം. മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കുവൈത്തിന്റെ 15ാമത് അമീറായി സ്ഥാനമേറ്റത്.

1929 ജൂണ്‍ 26ന് ശൈഖ് അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നാലാമത്തെ മകന്‍ ആയാണ് ജനനം. യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ 1954ല്‍ 25ാം വയസ്സില്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു.

1963 മുതല്‍ 2003വരെ നാല്‍പ്പതു വര്‍ഷം കുവൈത്ത് വിദേശകാര്യമന്ത്രിയായിരുന്നു. രാജ്യത്തിന്റെ വിദേശകാര്യ നയത്തിന്റെ ശില്‍പ്പി ആയാണ് അമീര്‍ അറിയപ്പെടുന്നത്. ശസ്ത്രക്രിയയ്ക്കായി ജൂലൈയിലാണ് ഇദ്ദേഹം യുഎസിലേക്ക് പോയിരുന്നത്.

യുഎസിലേക്ക് പോയ ശേഷം 83കാരനായ കിരീടാവകാശി നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് ആണ് ഇപ്പോള്‍ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതും അദ്ദേഹമാണ്. ഖത്തറിനെതിരെ മറ്റു അറബ് രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മധ്യസ്ഥ നയതന്ത്രവുമായി എത്തിയത് കുവൈത്ത് അമീര്‍ ആയിരുന്നു. ഇറാഖ്, സിറിയ പ്രശ്‌നങ്ങളിലും അദ്ദേഹം നയതന്ത്ര ഇടപെടല്‍ നടത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടയിലാണ് അമീര്‍ മരണത്തിന് കീഴടങ്ങുന്നത്. രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 605 പേര്‍ മരിക്കുകയും ചെയ്തു.

Test User: