X
    Categories: Newsworld

ഖത്തറിന് പിന്നാലെ ഫ്രാന്‍സിനെതിരെ കുവൈത്തും; ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: പ്രവാചകനെയും ഇസ് ലാമിനെയും അപമാനിക്കുന്ന ഫ്രാന്‍സിനെതിരെ കുവൈത്തിലും പ്രതിഷേധം കനക്കുന്നു. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. കുവൈത്തിലെ 50 സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഫ്രഞ്ച് ഉല്‍പനങ്ങള്‍ നീക്കം ചെയ്തു. ഫ്രഞ്ച് ഉല്‍പനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത് കോ ഓപ്പറേറ്റീവ് ഫെഡറേഷന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് നോട്ടീസ് അയച്ചു.

ഫ്രാന്‍സിന്റെ പ്രവാചക നിന്ദക്കെതിരെ വ്യാപക പ്രതിഷേധമാണ് അറബ് ലോകത്ത് ഉയരുന്നത്. നേരത്തെ ഖത്തര്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഖത്തര്‍ സര്‍ക്കാറിന് കീഴിലെ സ്ഥാപനങ്ങളാണ് നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍-ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീര ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്‍സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്‍ സര്‍വ്വകലാശാല വിശദീകരിച്ചു.

ഫ്രാന്‍സില്‍ പ്രവാചകനെ അവമതിക്കുന്ന കാരിക്കേച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശിപ്പിച്ച സാമുവല്‍ പാറ്റിയെന്ന 47-കാരന്‍ അധ്യാപകന്‍ ഒരു കൗമാരക്കാരനാല്‍ കൊല്ലപ്പെടുകയുണ്ടായി. ഈ നടപടി ഇസ്ലാമിക ലോകവും രാജ്യങ്ങളും പണ്ഡിതരുമെല്ലാം അങ്ങേയറ്റം അപലപിക്കുകയും മതവിരുദ്ധ നടപടിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇസ്‌ലാമിനെതിരെ വ്യാപക പ്രചാരണങ്ങളാണ് ഫ്രാന്‍സില്‍ നടക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് തന്നെ നേരിട്ടാണ് ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ നയിക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: