കോഴിക്കോട്: കട്ടന്‍ചായക്ക് പോലും ജി.എസ്.ടി ബില്‍ നല്‍കി പ്രതാപം കാണിക്കുന്ന ഹോട്ടലുകള്‍ അരങ്ങ് വാഴുന്ന നഗരത്തില്‍ ഒരു രൂപക്ക് ചായ നല്‍കി വ്യത്യസ്തനാവുകയാണ് തളിയിലെ പി.കെ കുട്ടന്‍ എന്ന കുട്ടേട്ടന്‍. തളി മാരിയമ്മന്‍ ക്ഷേത്രം കഴിഞ്ഞ് മൂന്നോട്ട് നീങ്ങുന്ന പോക്കറ്റ് റോഡിന്റെ വശത്താണ് കുട്ടേട്ടന്റെ ചായക്കട. 30 വര്‍ഷമായി കുട്ടേട്ടന്‍ ഇവിടെയുണ്ട്. ചായക്ക് ഒരു രൂപമാത്രം ഈടാക്കുമ്പോള്‍ കടിക്ക് നാലുരൂപയാണ് വില. നഗരത്തില്‍ വിശന്നു വലയുന്നവര്‍ക്ക് അഞ്ചു രൂപക്ക് ലഘുഭക്ഷണം റെഡി.
ചില്ലുഗ്ലാസില്‍ ആവി പറക്കുന്ന കട്ടന്‍ വെച്ചുനീട്ടുന്ന കുട്ടേട്ടന്‍ ഹൃദയം നിറഞ്ഞ ആതിഥ്യം തന്നെയാണ് അരുളുന്നത്. ഉള്‍നാടന്‍ ഗ്രാമത്തിലെ ചായക്കടയില്‍ നിന്ന് കിട്ടുന്ന വിഭവങ്ങളുടെ രുചിയും മണവും എല്ലാം ഇവിടെയുണ്ട്. പരിപ്പ് വട, ബോണ്ട, സമൂസ, അട എന്നിവയാണ് ഇവിടെ ചായക്ക് കൂട്ടാന്‍ ആയി കിട്ടുന്നത്. രാവിലെ പത്ത് മണിയോടെയാണ് കട തുറക്കുക. ഉച്ചയോടെ അടക്കും. നേരത്തെ വൈകുന്നേരവും കട തുറന്നിരുന്നു. വയസ് 71 ആയി കുട്ടേട്ടന്. അതിനാല്‍ തന്നെ ഫുള്‍ടൈം ജോലി വയ്യ എന്നായിരിക്കുന്നു. എങ്കിലും രാവിലെ കടയില്‍ നല്ല തിരക്കാണ്. ചായ പകരുന്നതും പൈസ വാങ്ങുന്നതും പലഹാരം എടുത്തു നല്‍കുന്നതും എല്ലാം കുട്ടേട്ടന്‍ തന്നെ.
അല്‍പം കോണ്‍ഗ്രസ് രാഷ്ട്രീയവും പൗരബോധവും എല്ലാം കൂടിയതാണ് കുട്ടേട്ടന്റെ വ്യക്തിത്വം. അതിനാല്‍ ചായക്ക് വില കൂട്ടാന്‍ പറ്റുന്നില്ല. സാധാരണക്കാരെ സഹായിക്കാന്‍ ഇതെല്ലാതെ മാര്‍ഗമില്ല എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ഒരു ലിറ്റര്‍ പാലിന് നാലുരൂപയും പഞ്ചസാരക്ക് അഞ്ചു രൂപയും ഉണ്ടായിരുന്ന കാലത്താണ് കട സജീവമായത്. ഇന്ന് എല്ലാറ്റിനും വില കൂടി. എങ്കിലും ചായക്ക് വില കൂട്ടുന്നതിനെപ്പറ്റി കുട്ടേട്ടന്‍ ആലോചിക്കുന്നേയില്ല.
പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബാംഗമായ തനിക്ക് ജീവിച്ചുപോകാന്‍ പ്രയാസമുണ്ട്. എങ്കിലും താഴെതട്ടില്‍ കഴിയുന്നവരെ സഹായിക്കാനുള്ള മാര്‍ഗം ഉപേക്ഷിക്കാന്‍ വയ്യ. കുട്ടേട്ടന്‍ നയം വ്യക്തമാക്കുന്നു. ജയില്‍റോഡില്‍ തട്ടാര്‍കെട്ടി പറമ്പിലാണ് കുട്ടേട്ടന്റെ വീട്. ഭാര്യ ധനലക്ഷ്മി. രണ്ടു പെണ്‍മക്കളാണ്. മൂത്തമകള്‍ മീഞ്ചന്ത ആര്‍ട്‌സ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു.
ഇളയമകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മക്കളോടും പ്രയാസപ്പെട്ട് ജീവിക്കണം എന്ന സന്ദേശമാണ് കുട്ടേട്ടന്‍ നല്‍കുന്നത്. കുട്ടേട്ടന്റെ സന്മനസ്സ് കണ്ടറിഞ്ഞ കടയുടമ ആയിരം രൂപ മാത്രമെ കടക്ക് വാടകയായി വാങ്ങുന്നുള്ളു. തളിയിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കുട്ടേട്ടന്റെ ചായക്കട വലിയ ആശ്രയമാണ്. അതിനിയും തുടരട്ടെ എന്നാണ് അവരുടെ ആശംസ.