മരച്ചീനിയില്‍ നിന്ന് മദ്യമുണ്ടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായതിനു പിന്നാലെ ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്കായി മദ്യശാലകള്‍ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശത്തിന് സി.പി.എം അംഗീകാരം നല്‍കി. മദ്യനയത്തില്‍ സി.പി.എം നിര്‍ദേശിച്ച ഭേദഗതികള്‍ എക്‌സൈസ് വകുപ്പ് പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ ശേഷം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരും. മന്ത്രിസഭ തീരുമാനിക്കുന്ന ഭേദഗതികളോടെയാണ് പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നത്. ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് മുക്കിലും മൂലയിലും സുലഭമായി മദ്യമൊഴുക്കാനാണ് സര്‍ക്കാര്‍ നീക്കം.
കേരളത്തിലെ ഐ.ടി ഹബ്ബുകള്‍ കുടിയന്മാരുടെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള തീരുമാനമുണ്ടാകുന്നതോടെ തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ നൂറുകണക്കിന് മദ്യശാലകളാകും പുതുതായി തുറക്കുന്നത്. മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ എല്‍.ഡി.എഫ്, മദ്യലഭ്യത വര്‍ധിപ്പിക്കാനാണ് 2022-23ലെ മദ്യനയത്തിലൂടെ ലക്ഷ്യംവെക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയില്‍ കൂടി ബാറുകള്‍ അനുവദിക്കുമെന്നും സൂചനയുണ്ട്. നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുനല്‍കിയ സര്‍ക്കാര്‍, നിലവില്‍ തന്നെ കൂടുതല്‍ മദ്യശാലകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിനിടെ ‘മരച്ചീനി മദ്യ’ത്തിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മരച്ചീനിയില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മരച്ചീനിയില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ധാന്യങ്ങളല്ലാത്ത പഴവര്‍ഗം, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കണമെന്നാണ് പൊതുവേ കാണുന്നത്. അതില്‍ വൈനും വീര്യം കുറഞ്ഞ മദ്യവുമുള്‍പെടെ എല്ലാം പരിശോധിക്കാവുന്നതാണ്. ഇതിന് പ്രത്യേക നിയമഭേദഗതി ആവശ്യമില്ല. 29 ശതമാനത്തില്‍ കുറഞ്ഞ വീര്യമുള്ള മദ്യം ഉല്‍പാദിപ്പിക്കുന്നത് സാധാരണ സംവിധാനത്തിന്റെ ഭാഗമായി ചെയ്യാവുന്നതാണ്. ബജറ്റില്‍ പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ ബജറ്റില്‍ രണ്ടുകോടിയാണ് വകയിരുത്തിയത്. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്നും എഥനോളും മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കാനായുള്ള പദ്ധതിക്കായാണ് രണ്ട് കോടി രൂപ മാറ്റിവെച്ചത്.
പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ പലതരത്തിലുള്ള മദ്യത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാന്‍ 175 പുതിയ മദ്യശാലകള്‍ ആരംഭിക്കണമെന്ന ബിവറേജസ് കോര്‍പറേഷന്റെ നിര്‍ദേശം ഭേദഗതികളോടെ അംഗീകരിക്കുകയും ചെയ്തു. സ്ഥല സൗകര്യമുള്ള ഇടങ്ങളില്‍ പുതിയ ഷോപ്പുകള്‍ ആരംഭിക്കും. ബാര്‍, ക്ലബ് ലൈസന്‍സ് ഫീസ് അടക്കമുള്ള ഫീസുകള്‍ ചെറിയ രീതിയില്‍ വര്‍ധിക്കും. കള്ളുചെത്തി ശേഖരിക്കുന്നതു മുതല്‍ ഷാപ്പുകളിലെ വില്‍പന ഘട്ടം വരെ നിരീക്ഷിക്കാന്‍ ‘ട്രാക്ക് ആന്‍ഡ് ട്രെയ്‌സ്’ സംവിധാനം നടപ്പിലാക്കാനും തീരുമാനമായി.