X

വിവാഹം അഞ്ച് കിലോമീറ്റര്‍ ദൂരം, സദ്യയുമായി വന്ന വാനിന് കറങ്ങേണ്ടി വന്നത് 68 കിലോമീറ്റര്‍

തൃശൂര്‍: അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള വിവാഹവീട്ടിലേക്ക് സദ്യ എത്തി എത്തിക്കാന്‍ കേറ്ററിങ് വാനിന് കറങ്ങേണ്ടി വന്നത് 68 കിലോമീറ്റര്‍. കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചതാണ് വിവാഹപ്പാര്‍ട്ടിക്കും കേറ്ററിങ്ങുകാര്‍ക്കും തലവേദനയായത്. അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമുള്ള സ്ഥലത്തെത്താന്‍ അഞ്ചു മണിക്കൂറാണ് സദ്യയുമായി എത്തിയ വാഹനത്തിന് കറങ്ങേണ്ടിവന്നത്.

വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് കുതിരാന്‍ പണി കൊടുത്തത്. വിവാഹം കഴിഞ്ഞു 3 മണിക്കൂര്‍ കാത്തിരുന്നിട്ടും വാന്‍ എത്താതായപ്പോള്‍ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായെങ്കിലും ഒരു മണിയോടെ സദ്യ എത്തുകയായിരുന്നു.

മുഹൂര്‍ത്തം രാവിലെ 9നു ശേഷമാണെന്നതിനാല്‍ 10നു ഭക്ഷണം എത്തിക്കാമെന്നാണ് ഏറ്റത്. 11 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂര്‍ മതിയെങ്കിലും കുരുക്ക് ഉണ്ടെന്നറിഞ്ഞതോടെ രാവിലെ 8നു തന്നെ ഭക്ഷണവുമായി പുറപ്പെട്ടു. വിവാഹ വീട്ടില്‍ നിന്ന് 5 കിലോമീറ്ററകലെ വഴുക്കുംപാറയില്‍ വരെ വാന്‍ എത്തിയെങ്കിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.

വിവരമറിഞ്ഞു വിവാഹവീട്ടുകാരും ആശങ്കയിലായി. മറ്റു വഴിയില്ലെന്നു മനസ്സിലാക്കി ചേലക്കര റോഡിലൂടെ ചുറ്റിവളഞ്ഞു യാത്രചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്നു വാന്‍ മണ്ണുത്തി ഭാഗത്തേക്കു തിരിച്ചുപോയി മുടിക്കോട്, ചിറക്കാക്കോട്, വടക്കാഞ്ചേരി, ചേലക്കര, എളനാട് വഴി 68 കിലോമീറ്റര്‍ താണ്ടിയാണ് വിവാഹ വീട്ടിലെത്തിയത്. വെള്ളിയാഴ്ച രാത്രി 7 നു കുതിരാനില്‍ ചരക്കുലോറി മറിഞ്ഞതിനെ തുടര്‍ന്ന് 15 മണിക്കൂറാണ് രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കിയത്.

 

Test User: