റാമല്ല: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച ഉപാധികള്‍ ഫലസ്തീന്‍ തള്ളി. ഇസ്രാഈലുമായി ചര്‍ച്ച ആരംഭിക്കുന്നതിനു മുന്നോടിയായി ഭീകരര്‍ക്ക് പണം നല്‍കുന്നത് തടയണമെന്ന ആവശ്യം അമേരിക്കയുടെ നീക്കങ്ങളില്‍ സംശയം സൃഷ്ടിക്കുന്നുണ്ടെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കക്ക് ഉദ്ദേശ്യമില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉന്നത വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ ഫലസ്തീന്‍ അതോറിറ്റി മഹ്മൂദ് അബ്ബാസുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഇസ്രാഈലിലെ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്കും കുടുംബത്തിനും പണം നല്‍കുന്നത് നിര്‍ത്തണമെന്ന കുഷ്‌നറുടെ ആവശ്യം അബ്ബാസിനെ പ്രകോപിതനാക്കി. അത്തരം ആവശ്യങ്ങള്‍ അബ്ബാസ് തള്ളുകയും ചെയ്തതായി ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നു. വര്‍ഷങ്ങളായി സ്തംഭിച്ചുകിടക്കുന്ന ഫലസ്തീന്‍-ഇസ്രാഈല്‍ ചര്‍ച്ച പുനരാരംഭിക്കുന്നതിന് പ്രത്യേക ഫോര്‍മുലയൊന്നും കൈവശമില്ലാതെയാണ് കുഷ്‌നര്‍ അബ്ബാസിനെ കണ്ടത്. മാത്രമല്ല, ഇസ്രാഈലിന്റെ വാക്കുകളില്‍ മാത്രം വിശ്വസിച്ചുകൊണ്ടായിരുന്നു ചര്‍ച്ചയിലുടനീളം കുഷ്‌നറുടെ സംസാരം. ജറൂസലമില്‍ ഇസ്രാഈല്‍ പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണം തടയാന്‍ സാധിക്കാത്തതിന് കുഷ്‌നര്‍ ഫലസ്തീന്‍ അതോറിറ്റി കുറ്റപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട പൊലീസുകാരി ഹഡാസ് മല്‍കയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് കുഷ്‌നറും സംഘവും അമേരിക്കയിലേക്ക് മടങ്ങിയത്.
ഇസ്രാഈലിന്റെ ആശങ്കകളെ അക്ഷരംപ്രതി അംഗീകരിച്ചുകൊണ്ടായിരുന്നു യു.എസ് സംഘത്തിന്റെ നീക്കങ്ങള്‍. പാവപ്പെട്ട ഫലസ്തീന്‍ തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെപ്പോലും ഇസ്രാഈലിന്റെ ഭാഷ ഉപയോഗിച്ച് ഭീകരതയെന്ന് വിശേഷിപ്പിക്കാനാണ് കുഷ്‌നര്‍ ശ്രമിച്ചത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേശകരെപ്പോലെയാണ് അദ്ദേഹം സംസാരിച്ചതെന്നും വിശ്വസ്തരായ മധ്യസ്ഥരെപ്പോലെ അല്ലെന്നും ഒരു ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തി.
- 7 years ago
chandrika
Categories:
Video Stories