X

അഫ്രീനില്‍ കുര്‍ദുകള്‍ ഗറില്ലാ യുദ്ധ മുറകളിലേക്ക്

 

ദമസ്‌കസ്: സിറിയയില്‍ തുര്‍ക്കി സേന പിടിച്ചെടുത്ത അഫ്രീന്‍ നഗരത്തില്‍ പോരാട്ടം തുടരുമെന്ന് കുര്‍ദിഷ് സായുധ സേന പ്രഖ്യാപിച്ചു. നേര്‍ക്കുനേര്‍ പോരാട്ടം അവസാനിപ്പിച്ച് ഗറില്ല യുദ്ധതന്ത്രങ്ങളിലേക്ക് മാറുകയാണ് തങ്ങളെന്ന് അവര്‍ അറിയിച്ചു.
തുര്‍ക്കി സേനയും അവരെ പിന്തുണക്കുന്ന ഫ്രീ സിറിയന്‍ ആര്‍മിയും അഫ്രീന്‍ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഉറപ്പാക്കുന്നതിന് ശ്രമം തുടരുകയാണ്. കുഴിബോംബുകളും മറ്റു സ്‌ഫോടക വസ്തുക്കളും നീക്കം ചെയ്യുന്നതിന് വ്യപാക തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ തുര്‍ക്കി സേനക്ക് കീഴടങ്ങി യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്ന് കുര്‍ദിഷ് പോരാളികള്‍ വ്യക്തമാക്കി കഴിഞ്ഞു.
അഫ്രീനിലെ എല്ലാ ഇടങ്ങളിലും തങ്ങളുണ്ടെന്നും അവസരം കിട്ടുമ്പോള്‍ തുര്‍ക്കി സേനയെ ആക്രമിക്കുമെന്നും കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ്(വൈ.പി.ജി) പ്രതിനിധി ഉസ്്മാന്‍ ഷെയ്ഖ് ഈസ പറഞ്ഞു. തുര്‍ക്കിക്ക് ഒരു ദു:സ്വപ്‌നമായി ഞങ്ങളുടെ പോരാളികള്‍ അഫ്രീനില്‍ എല്ലായിടത്തുമുണ്ടാകും-അദ്ദേഹം മുന്നറിയിപ്പുനല്‍കി. തുര്‍ക്കി സേന പിടിമുറക്കുകിയതുമുതല്‍ ഒന്നര ലക്ഷത്തോളം സാധാരണക്കാര്‍ അഫ്രീനില്‍നിന്ന് പലായനം ചെയ്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു.
എന്നാല്‍ അഫ്രീനിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ ഉറപ്പാക്കുമെന്ന് തുര്‍ക്കി ഭരണകൂടത്തിന്റെ വക്താവ് ബാകിര്‍ ബോസ്ദഗ് അറിയിച്ചു. ഭക്ഷണവും മരുന്നും ലഭ്യമാക്കും. അഫ്രീനില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഭീകരത അവസാനിച്ചുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: