ബഗ്ദാദ്: ഹിതപരിശോധന നടത്തി വേറിട്ടുപോകാന്‍ കുര്‍ദിസ്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കുര്‍ദിഷ് അതിര്‍ത്തികളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇറാഖ് പദ്ധതി തയാറാക്കുന്നു. ഇറാനുമായും തുര്‍ക്കിയുമായും സഹകരിച്ച് അതിര്‍ത്തി നിയന്ത്രണം പിടിച്ചെടുക്കുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പദ്ധതിയുടെ വിശദാംശങ്ങള്‍ മന്ത്രാലയം വെളിപ്പെടുത്തിയില്ല. ഹിതപരിശോധനയില്‍ 92 ശതമാനം പേര്‍ ഇറാഖില്‍നിന്ന് വേറിട്ടുപോകുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തിരുന്നു. അതിര്‍ത്തിയിലെ പ്രവേശന കവാടങ്ങളിന്മേലുള്ള നിയന്ത്രണം ഉപേക്ഷിക്കണമെന്ന് കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റിനോട് ഇറാഖും തുര്‍ക്കിയും ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹിതപരിശോധന ഫലം റദ്ദാക്കിയില്ലെങ്കില്‍ കടുത്ത ഉപരോധവും അന്താരാഷ്ട്ര ഒറ്റപ്പെടലും സൈനിക ഇടപെടലും നേരിടേണ്ടിവരുമെന്ന് മൂന്ന് രാജ്യങ്ങളും കുര്‍ദിഷ് നേതൃത്വത്തിന് മുന്നറിയിപ്പുനല്‍കി. അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ നിയന്ത്രണം ഉപേക്ഷിക്കാന്‍ കുര്‍ദിഷ് ഭരണകൂടം വിസമ്മതിച്ചിട്ടുണ്ട്. കുര്‍ദിഷ് മേഖലയിലെ വിമാനങ്ങള്‍ പിടിച്ചെടുക്കാനും ഇറാഖ് നീക്കം തുടരുകയാണ്. ഇതിന്റെ ഭാഗമായി കുര്‍ദിഷ് എയര്‍പോര്‍ട്ടിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിടാന്‍ ഇറാഖ് വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ആഭ്യന്തര സര്‍വീസുകള്‍ മാത്രമേ ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ. വെള്ളിയാഴ്ച വിലക്ക് പ്രാബല്യത്തില്‍ വന്ന സ്ഥിതിക്ക് കുര്‍ദിഷ് മേഖലയിലേക്ക് യാത്ര ചെയ്യുന്നവര്‍ ബഗ്ദാദ് വഴി പോകേണ്ടിവരും. വെള്ളിയാഴ്ച ഇര്‍ബീല്‍ വിമാനത്താവളത്തില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇവിടെനിന്നുള്ള അവസാന വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ കൂട്ടത്തോടെ എത്തിയതാണ് തിരക്കിന് കാരണം.