മലപ്പുറം: എന്തിന്റെ പേരിലായാലും ബലം പ്രയോഗിച്ച് അടിച്ചൊതുക്കി സ്ഥലം ഏറ്റെടുക്കുന്നത് കയ്യേറ്റമാണ്. ജനങ്ങളോട് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി ഭൂവുടമകളുടെ സമ്മതമില്ലാതെയാണ് സര്‍വെ നടത്തുന്നത്. ഇത് അതിക്രമിച്ച് കടക്കലിന് തുല്യമാണെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഭൂവുടമകളുമായി സംസാരിക്കു എന്ന നിലപാട് ശരിയല്ല. സര്‍ക്കാര്‍ ആദ്യം ഭൂവുടമകളുടെ സമ്മതമാരായണം. നിര്‍ബന്ധപൂര്‍വം സ്ഥലമേറ്റെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ഈ വഴിക്ക് നീങ്ങണം. ദേശീയ പാത അലൈന്‍മെന്റ് സംബന്ധിച്ച് വ്യക്തതപോലും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
വീടുകള്‍ നഷ്ടപ്പെടില്ലെന്ന് പറയുന്ന പുതിയ അലൈന്‍മെന്റില്‍ വീടുകള്‍മാത്രമാണ് ഉള്‍പ്പെടുന്നത്. അമ്പതോളം വീടുകള്‍ ഒന്നിച്ച് എ.ആര്‍ നഗറില്‍മാത്രം സ്ഥലമെടുപ്പില്‍ നഷ്ടപ്പെടും. ഇതെല്ലാം സാധാരണക്കാരുടെ വീടുകളാണ് ഇവര്‍ക്ക് എന്ത് നഷ്ടപരിഹാരമായി കിട്ടുമെന്ന് മുന്‍കൂട്ടിപ്പറയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വീട് നഷ്ടപ്പെടുന്നവര്‍ എന്ത് ചെയ്യണം. തെരുവിലേക്കിറങ്ങേണ്ടിവരുമോ? സര്‍ക്കാര്‍ നടപടി ഒരു മാനുഷിക പ്രശ്‌നമായി മാറുകയാണ്. പൊലീസിനെ കൊണ്ട് വന്ന് ഏത് സ്ഥലവും ഏറ്റെടുക്കാമെന്നതാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരും അവരുടെ ജനപ്രതിനിധികളും ജനങ്ങളുമായി സംസാരിക്കുകയും സമയവായത്തിലെത്തുകയുമാണ് ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത്.
നഷ്ടപരിഹാരം സംബന്ധിച്ചും നഷ്ടപ്പെടുന്ന ഭൂമിസംബന്ധിച്ചും ഇരകളെ ബോധ്യപ്പെടുത്തുകയും വിശ്വാസത്തിലെടുക്കുകയും വേണം. നാളെ നടക്കുന്ന നിയമസഭയില്‍ എം.എല്‍.എമാര്‍ ഇക്കാര്യം ഉന്നയിക്കും. വീടു നഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് വീട് തന്നെ നല്‍കണം. സര്‍ക്കാറിന്റെ അടിച്ചൊതുക്കി ഏറ്റെടുക്കല്‍ നയത്തിനോട് യോജിക്കാനാവില്ല. സംസ്ഥാന യു.ഡി.എഫ് ഉടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. സര്‍ക്കാറിന്റെ നയത്തിനെതിരെ യു.ഡി.എഫ് ഒറ്റെക്കെട്ടായി രംഗത്തിറങ്ങും. പുറത്തുനിന്നുള്ളവര്‍ക്കാണ് പ്രതിഷേധമുള്ളതെന്ന തരത്തില്‍ മന്ത്രിമാര്‍ തന്നെ പ്രസ്താവന നടത്തുന്നത് ശരിയല്ല. വീടുകള്‍ നഷ്ടപ്പെടുന്നത് ആര്‍ക്കെല്ലാം എവിടെയെല്ലാമെന്ന് നേരിട്ട് ബോധ്യപ്പെടുത്തി നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാറും മന്ത്രിമാരും ഇതിന് മുന്നോട്ട് വന്നാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യമുള്‍ക്കൊള്ളണം. ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.