X

സത്യഗ്രഹികളെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സന്ദര്‍ശിച്ചു

തിരുവനന്തപുരം: മന്ത്രി കെ.കെ ഷൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എല്‍. എമാര്‍ നിയമസഭയില്‍ നടത്തുന്ന സത്യഗ്രഹം ഇന്ന് നാലാം ദിവസത്തിലേക്ക്. എം.എല്‍.എമാരായ എന്‍ ഷംസുദ്ദീന്‍, ടി.വി ഇബ്രാഹിം, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന്‍ എന്നീ യു.ഡി.എഫ് എം.എല്‍.എമാരാണ് തിങ്കളാഴ്ച മുതല്‍ സഭാകവാടത്തില്‍ സത്യഗ്രഹം നടത്തുന്നത്.

സത്യഗ്രഹികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും യു.ഡി.എഫിന് പിന്തുണ ഉറപ്പിച്ചും മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി എത്തി. രാവിലെ പത്തു മണിയോടെ എത്തിയ അദ്ദേഹം സത്യഗ്രഹം നടത്തുന്ന അംഗങ്ങള്‍ക്ക് ഹസ്തദാനം ചെയ്തു. തുടര്‍ന്ന് യു.ഡി.എഫ് എം.എല്‍.എമാരെ അഭിവാദ്യം ചെയ്ത ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. യു.ഡി.എഫ് യോഗത്തിലും അദ്ദേഹം പങ്കെടുത്തു. മൂന്നു ദിവസമായി നടത്തുന്ന സമരത്തില്‍ ക്ഷീണിതരാണ് എം.എല്‍.എമാരെങ്കിലും പോരാട്ടവീര്യം ചോര്‍ന്നിട്ടില്ല. ഇന്ന് നിയമസഭാസമ്മേളനം അവസാനിക്കുന്നതിനാല്‍ സഭക്കുളളിലെ സമരം അവസാനിപ്പിക്കും. സമരം എത് രീതിയില്‍ എങ്ങനെ നടത്തണമെന്ന് ഇന്ന് വൈകിട്ട് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനിക്കും.

മന്ത്രി രാജിവെക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് തീരുമാനം. സമരം ചെയ്യുന്ന അംഗങ്ങളെ ഭരണപക്ഷത്തെയും കേരളാ കോണ്‍ഗ്രസിലെയും അംഗങ്ങള്‍ സന്ദര്‍ശിച്ചു. കവാടത്തിന് സമീപം കിടക്ക വിരിച്ചാണ് അംഗങ്ങളുടെ ഉറക്കം. ഭക്ഷണം നിയമസഭാ കാന്റിനീല്‍ നിന്നുമാണ്. ഇന്നലെയും സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം സത്യാഗ്രഹമിരിക്കുന്ന എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്നതോടെ സഭാകവാടത്തിലെ സത്യഗ്രഹവേദി സജീവമായി. യു.ഡി.എഫ് എം.എല്‍.എമാരും നേതാക്കളും സത്യഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് മുഴുവന്‍ സമയവും സഭാകവാടത്തിലുണ്ടായിരുന്നു.

chandrika: