X

തെരഞ്ഞെടുപ്പ് തിരക്കിലും കൃഷിയില്‍ നൂറ് മേനി കൊയ്യാന്‍ കുഞ്ഞാലിക്കുട്ടി

വേങ്ങര: കേരള രാഷ്ട്രീയത്തിലെ തിരക്കേറിയ നേതാക്കളില്‍ ഒരാളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി പുതിയ ദൗത്യം കൂടി ഏല്‍പ്പിച്ച തോടെ തിരക്കോട് തിരക്ക്. 20ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ ഇനി മണ്ഡലം ഉടനീളം പ്രചാരണ പരിപാടികളും വോട്ടഭ്യര്‍ഥനയും ഇലക്ഷന്‍ കണ്‍വന്‍ഷനുകളുമായി കുഞ്ഞാപ്പാക്ക് ഒരു നിമിഷം പോലും ഒഴിഞ്ഞിരിക്കാന്‍ സമയമില്ല. എന്നാല്‍ എല്ലാ തിരക്കുകള്‍ നിറഞ്ഞ ദിവസങ്ങളിലും തന്റെ ചിട്ടയുടെ ശീലങ്ങള്‍ ഒരുപാടുണ്ട് ഈ ദേശീയ നേതാവിന്. കാരാത്തോട്ടെ തന്റെ വീടിന് പിന്നിലുള്ള 40 സെന്റിലും ഒന്നു രണ്ടുകിലോ മീറ്റര്‍ അകലങ്ങളിലായുള്ള വെങ്കുളത്തും കോട്ടുമലയിലും നാടനും മറുനാടനുമായി ഒരു കൂട്ടംപച്ചക്കറി ഇനങ്ങള്‍ ഈ വേനലിന്റെ തുടക്കത്തില്‍ കൃഷി ചെയ്യാന്‍ തുടങ്ങീട്ടുണ്ട് .തക്കാളി, മുളക്, പാവക്ക, കാരറ്റ്, ഉള്ളി, വെളുത്തുള്ളി, വെണ്ട, ചിരങ്ങ, ചുവന്നുള്ളി, കാബേജ്, കോളി ഫ്‌ളവര്‍, മുള്ളങ്കി, ചീര, പയര്‍, കടല എന്നിവക്ക് പുറമെ അപൂര്‍വ്വം പഴവര്‍ഗങ്ങളും മുളയെടുത്ത് തുടങ്ങീട്ടുണ്ട്. ജല സ്രോതസുകള്‍ക്കായി വിശാലമായ ജല സമൃദ്ധമായ കുളങ്ങളുമുണ്ട്. പൂര്‍ണ്ണമായും വിഷാംശങ്ങള്‍ ഒഴിവാക്കി ജൈവ രീതിയില്‍ തന്നെയാണ് കൃഷി നടത്തുന്നത്. അതിരാവിലെ സുബ്ഹ് നമസ്‌കാരം കഴിഞ്ഞ് ഉടനെ ഇറങ്ങുക വീടിനു പിന്നിലെ തോട്ടത്തിലേക്കാണ്. കുഞ്ഞാലിക്കുട്ടി ഭാര്യ കുല്‍സു ഇത്താത്തയും ഉണ്ടാകും പലപ്പോഴും കൂട്ടിന്.ഭക്ഷണത്തിലും കൃത്യമായ ചിട്ട വെച്ചു പുലര്‍ത്തുന്നുണ്ട്. വിഷാംശങ്ങള്‍ ഇല്ലാത്ത സ്വന്തം കൃഷി ഇടത്തില്‍ തന്നെ വിളയിച്ച പച്ചക്കറികള്‍ തന്നെയാണ് അധികവും കഴിക്കാറ്.കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വ്യവസായ ഐ.ടി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും കൃഷിയില്‍ നൂറ്‌മേനി കൊയ്യാന്‍ ഇദ്ദേഹത്തിന് സാധിച്ചു.പാണ്ടിക്കടവത്ത് തറവാടിന്റെ കൃഷി പാരമ്പര്യം കെടാതെ സൂക്ഷിക്കാന്‍ തന്നെയാണ് രാഷ്ട്രീയ തിരക്കിനിടയിലും ഈ നേതാവ് ശ്രദ്ധിച്ച് പോരുന്നത്. കൃഷിയില്‍സഹായിയായി നീണ്ട വര്‍ഷങ്ങളായി തമിഴ്‌നാട് സ്വദേശി രാജുവും കൂടെയുണ്ട്. മലപ്പുറം പാര്‍ലമെന്റ് ഇലക്ഷനില്‍ വലിയ വിജയം കൊയ്യാനിരിക്കുമ്പോള്‍ അടുത്ത മാസങ്ങളില്‍ തന്റെ കൃഷിത്തോട്ടത്തിലും നൂറ് മേനി കൊയ്യാനിരിക്കുകയാണ് ഈ ജന നായകന്‍. മണ്ണില്‍ സ്വന്തമായി വിളവെടുത്ത് കഴിക്കുന്ന കാലം അന്യമായികൊണ്ടിരിക്കുമ്പോള്‍ പുതു തലമുറക്ക് നല്ല ഒരു മെസേജ് കൂടിയാണ് ഈ കൃഷിത്തോട്ടം.

chandrika: