X

മോദി സര്‍ക്കാര്‍ രാജ്യത്തെ ജനാധിപത്യം താമസിയാതെ കുഴിച്ചുമൂടും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് സന്ദര്‍ശനാനുമാതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നിലപാട് ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇങ്ങനെ പോയാല്‍ രാജ്യത്ത് താമസിയാതെ ജനാധിപത്യം കുഴിച്ചു മൂടുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സമയം ആവശ്യപ്പെട്ടത്. ഇതിനോടുള്ള പ്രധാനമന്ത്രിയുടെ സമീപനം വളരെ നിര്‍ഭാഗ്യകരമാണ്.

ജനാധിപത്യ ശൈലിയില്‍ നിന്നും മാറിയാണ് മോദിയുടെ യാത്രയെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നം പറയാന്‍ ചെല്ലുമ്പോള്‍ അതിനെ മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്ക് കഴിയണം. ഒരു ദിവസം സൗകര്യമില്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുക എന്നത് ന്യായമാണ്. എന്നാല്‍ തന്നെ കാണേണ്ടതില്ലെന്നും ധനകാര്യ മന്ത്രിയെ കണ്ടാല്‍ മതിയെന്നുമാണ് പ്രധാനമന്ത്രിയുടെ മറുപടി. കേരള നിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പോലും പ്രധാനമന്ത്രി തയാറല്ല. മൂന്നു കോടിജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്.

 
സംസ്ഥാനങ്ങളെ അംഗീകരിക്കുന്ന മര്യാദ കേന്ദ്ര ഭരണാധികാരികളെല്ലാം പാലിച്ചിരുന്നു. രാജ്യത്ത് പല പ്രധാനമന്ത്രിമാരും മാറി മാറി വന്നു. എന്നാല്‍ ജനങ്ങളുടെ വികാരം പറയാന്‍ ചൊല്ലുന്നവര്‍ക്ക് ഒരു മിനുട്ട് കൊടുക്കാത്ത പ്രധാനമന്ത്രി രാജ്യത്ത് ആദ്യമാണ്. പാര്‍ലമെന്റില്‍ ഒരു വാക്കുപോലും മിണ്ടാത്ത പ്രധാനമന്ത്രിയില്‍ നിന്നും ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അവിടെയുള്ള ഏക ബി.ജെ.പി അംഗം പോലും പറഞ്ഞത് കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനാണ്. സംസ്ഥാനത്ത് എല്ലാ പ്രതിപക്ഷ കക്ഷികളും ഒത്ത് ചേര്‍ന്നുള്ള പ്രതിഷേധമാണ് ഇനികാണാനിരിക്കുന്നത്. ഇത് ഒരു വലിയ മുന്നേറ്റമായി വളര്‍ന്ന് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 
സഹകരണ മേഖലയുടെ തകര്‍ച്ച ഭയന്ന് കേരളത്തില്‍ അത്മഹത്യ വരെ തുടങ്ങി കഴിഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയെ ബോധിപ്പിക്കുകയെന്നത് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സാധാരണക്കാര്‍ മാത്രം ആശ്രയിക്കുന്ന മേഖലയാണ് സഹകരണ പ്രസ്ഥാനം. ഇത് തകര്‍ന്നാല്‍ തകരുന്നത് പാവപ്പെട്ട ജനങ്ങളാണ്. ഒട്ടേറെ പ്രശ്‌നങ്ങളാണ് ഈ മേഖല നിലവില്‍ നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിന് വൈകാതെ അവസരം നല്‍കണം അല്ലാതെ പഴയകാലത്തെ രാജാക്കന്‍മാരെ പോലെ പെരുമാറരുത് .
കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പ്രശ്്‌നവുമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജനങ്ങളെല്ലാം ക്യൂവിലാണ്.

ഇതൊന്നും ഒരു പ്രശ്‌നമായി ഇവിടുത്തെ ബി.ജെ.പി നേതാക്കന്‍മാര്‍ക്ക് തോന്നുന്നില്ലായിരിക്കാം. അധികാരം കൊണ്ട് മതിമറന്നാണ് ഇതെല്ലാം പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. ഒട്ടകപ്പക്ഷിയെ പോലെ കണ്ണടച്ചിട്ട് കാര്യമില്ല. ഇതിന്റെ തിരിച്ചടി ബി.ജെ.പിക്ക് കിട്ടി തുടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: