മഞ്ചേശ്വരം: സ്വന്തം ജനതയെ പോക്കറ്റടിച്ച ഭരണകൂടം എന്ന രീതിയിലാവും മോദി സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുകയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഉദ്യാപുരത്ത് മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലൂടെയും പെട്രോള്‍ വിലവര്‍ദ്ധനവിലൂടെയും രാജ്യത്തിന്റെ നട്ടെല്ലൊടിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഭക്ഷണത്തിനായി ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കൈനീട്ടേണ്ട ഗതികേടിലാണ് രാജ്യം നീങ്ങുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ഇവര്‍ പുന്തുടരുന്നത്. ഇതിലൂടെ രാജ്യം തന്നെ ഇല്ലാതാവും. സമ്പൂര്‍ണ്ണ പരാജയമായി മാറിയ ഇടതു സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുന്നത്. പുതിയ തൊഴിലവസരം ഒരുക്കുന്നതില്‍ ഒരു നീക്കവും നടത്താനാവാത്ത സര്‍ക്കാര്‍ മന്ത്രി ബന്ധുക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ എറ്റവും വലിയ ഉദാഹരണമാണ് പ്രളയ ദുരന്തം. ഡാം അടക്കണമെന്ന് പറഞ്ഞ പാര്‍ട്ടി എം.എല്‍. എ.എയുടെ വായ അടപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും സര്‍ക്കാര്‍ പരാജയമായിരിക്കുകയാണ്. യാത്ര തുടങ്ങും മുമ്പെ യൂത്ത്ലീഗിന്റെ പ്രഹരമേറ്റ് പുളയുന്ന സര്‍ക്കാര്‍ യാത്ര അവസാനിക്കുന്നതോടെ മഹാപ്രതിസന്ധിയിലാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്നു: കുഞ്ഞാലിക്കുട്ടി
Tags: myl yuvajana yathra