X

ഓര്‍മകളുടെ ഓളങ്ങളോടെ കുഞ്ഞാലിക്കുട്ടി സര്‍സയ്യിദിലെത്തി

തളിപ്പറമ്പ്: യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് ഭംഗിയായി തോറ്റയാളാണ് ഇവിടെയിരിക്കുന്നത്. വേദിയിലുള്ള തളിപ്പറമ്പ് സ്വദേശി കെവി മുസ്തഫയെ ചൂണ്ടിക്കാട്ടി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞുതുടങ്ങിയപ്പോള്‍ സദസ്സില്‍ നിറഞ്ഞ ചിരി.സര്‍സയ്യിദ് കോളജിലെ 1969-72 ബാച്ചിലെ കൊമേഴ്സ് ബാച്ചിലെ വിദ്യാര്‍ഥിയായ പികെ കുഞ്ഞാലിക്കുട്ടി, തന്നെ താനാക്കിമാറ്റിയ കലാലയമുറ്റത്ത് ഗുരുക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ഓര്‍മ്മകള്‍ അയവിറക്കി ഒത്തുചേര്‍ന്നത് നവ്യാനുഭവമായി.

കോളജ് തെരഞ്ഞെടുപ്പുകാലത്ത് പടംവെച്ച് അച്ചടിച്ചിറക്കിയ നോട്ടീസ് ഇന്നും മനസ്സിലുണ്ട്. സര്‍സയ്യിദ് കോളജിലെ കലാലയ ജീവിതവും തളിപ്പറമ്പും, ജീവിത യാത്രയില്‍ നല്‍കിയ ഊര്‍ജം ചെറുതല്ല. പഠനകാലത്തു തന്നെ തളിപ്പറമ്പിന്റെ ആതിഥ്യമര്യാദ ആവോളം അനുഭവിക്കാന്‍ കഴിഞ്ഞു. സര്‍സയ്യിദ് എന്നത് വലിയൊരു ലോകമാണ്. ലോകത്തിന്റെ ഏത് ഭാഗത്തെത്തിയാലും സര്‍സയ്യിദിന്റെ സന്തതികളെ കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോളജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇസ്മാഈല്‍ ഓലായിക്കര സ്വാഗതം പറഞ്ഞു. എം അബ്ദുല്‍സലീം, സി ഗോപാലന്‍ മാസ്റ്റര്‍ സംസാരിച്ചു. തന്റെ അധ്യാപകരായ എവി വിജയന്‍, എം അബ്ദുല്‍ സലീം, വാണിദേവി, ടിപി അബ്ദുല്‍ഹമീദ്, പി അഹമ്മദ് എന്നിവരെ പികെ കുഞ്ഞാലിക്കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. സഹപാഠികളായ നൂറുദ്ദീന്‍ വളപട്ടണം, നാരായണന്‍ നമ്പൂതിരി, സി ഗോപാലന്‍ മാസ്റ്റര്‍, പിപി ഗോവിന്ദന്‍, എംപി ബാലകൃഷ്ണന്‍, പ്രഭാകരന്‍, കുഞ്ഞിക്കണ്ണന്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട കെവി മുസ്തഫ പങ്കെടുത്തു. സിഡിഎംഇഎ ജനറല്‍ സെക്രട്ടറി മഹമൂദ് അള്ളാംകുളം, കെ സുഹറ, എസ്എം ഷാനവാസ് സംബന്ധിച്ചു. ഓര്‍മ്മയുടെ കോളജ് മുറ്റത്ത് ഒരു തൈ നട്ടു. സഹപാഠികള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് കുഞ്ഞാലിക്കുട്ടി മടങ്ങിയത്.

webdesk11: