X

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസ്; മോദി പ്രതിഷേധങ്ങളെ ഭയക്കുന്നത് കൊണ്ടെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല(ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിക്കൊണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടി മോദി സര്‍ക്കാറിനെതിരായ ചെറുത്തു നില്‍പുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി.

മോദി സര്‍ക്കാറിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും, രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും, ജെ എന്‍ യുവിലും ഉയര്‍ന്നു വന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതാണ്. ഇത്തരം സമരങ്ങളും, സംവാങ്ങളുമാണ് ജനാധിപത്യത്തെ സജീവമാക്കുന്നത്.വിദ്യാര്‍ത്ഥി സമരങ്ങളെ രാജ്യദ്രോഹ ചാപ്പ കുത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഭയം കൊണ്ടാണ്. നേരത്തെ രാജ്യത്തെ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും സമാനമായ പോലീസ് നടപടികള്‍ ഉണ്ടായി. രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ട കൊലപാതകങ്ങളിലോ വര്‍ഗീയ കലാപങ്ങളിലോ ഈ ആവേശം കാണാനില്ല. എറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടപ്പോഴും പോലീസ് നിഷ്‌ക്രിയമായിരുന്നു. ഇതേ ഉത്തര്‍പ്രദേശ് പോലീസിനെയാണ് തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ സുപ്രിം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.

തങ്ങള്‍ക്കെതിരായ വിമര്‍ശന ശബ്ദങ്ങളെ പോലീസിനെയും, നിയമ വ്യവസ്ഥയെയും ഉപയോഗിച്ച് നിശബ്ദമാക്കുക, തങ്ങള്‍ക്കനുകൂലമായ കലാപങ്ങള്‍ക്ക് പോലും പിന്തുണ കൊടുക്കുക എന്ന ഇരട്ടനീതിയാണ് ബി ജെ പി തുടരുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഏറ്റവും ശക്തിപ്പെട്ട നാല് വര്‍ഷക്കാലമാണ് കഴിഞ്ഞു പോയത്. അപ്പോഴൊന്നും രാജ്യസുരക്ഷയെപ്പറ്റി ഒരു ആശങ്കയും കാണിക്കാതിരുന്നവരാണ് ബി ജെ പി. അഴിമതിയിലും, സാമ്പത്തിക തകര്‍ച്ചയിലും മുഖം നഷ്ടപ്പെട്ട മോദി സര്‍ക്കാറിന്റെ അവസാനത്തെ അടവാണ് വര്‍ഗീയ ധ്രുവീകരണവും തീവ്ര ദേശീയതയും ആളിക്കത്തിക്കുക എന്നത്. ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ ക്ഷേമം ഉറപ്പുവരുത്തുക, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്ക് ആരെയും ഭയക്കാതെ പഠിക്കാന്‍ അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹിയായ ഒരു ഭരണാധികാരി ചെയ്യേണ്ടത്.പക്ഷേ നരേന്ദ്ര മോദിക്ക് രാജ്യസ്‌നേഹം ഒരു തെരഞ്ഞെടുപ്പ് അജണ്ട മാത്രമാണ്. ഈ തന്ത്രം എല്ലാ കാലത്തും വിലപ്പോവില്ല. ഇത്തരം കുതന്ത്രങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ട്. എതിര്‍ശബ്ദങ്ങളെ ദേശദ്രോഹമായി ചിത്രീകരിക്കുന്ന ഫാസിസ്റ്റ് അജണക്കെതിരെ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ ഒരുമിക്കണം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഈ ഫാസിസ്റ്റ് അജണ്ട അനുവദിക്കാനാവില്ല. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: