X

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ വരുന്ന കരിപ്പൂര്‍ ആകാശയാത്രക്കുള്ള സുപ്രധാന ഹബ്ബുകളില്‍ ഒന്നാണ്. മലബാര്‍ മേഖലയില്‍നിന്നുള്ളവര്‍ മുഴുവന്‍ ആഭ്യന്തര, വിദേശ യാത്രകള്‍ക്ക് ആശ്രയിക്കുന്നതും കരിപ്പൂരിനെയാണ്. റണ്‍വേ റീകാര്‍പ്പറ്റിങ് ജോലികള്‍ക്കു വേണ്ടി 2015 മെയ് മുതലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെനിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചത്. എന്നാല്‍ റീ കാര്‍പ്പറ്റിങ് ജോലികള്‍ പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഈ സാഹചര്യത്തില്‍ എയര്‍ബസ് 320 ഉള്‍പ്പെടെയുള്ള വൈഡ് ബോഡി വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്തുന്നതിന് അടിയന്തരമായി അനുമതി നല്‍കണം. ഗള്‍ഫ് സെക്ടറിലേക്കുള്ള യാത്രക്കാരുടെ, പ്രത്യേകിച്ച് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമാണിത്.

റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികളുടെ ഭാഗമായി താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ടേക്ക് ഡല്‍ഹിയില്‍നിന്ന് നിലവില്‍ നേരിട്ട് വിമാന സര്‍വീസ് ഇല്ല. മുംബൈ- കോയമ്പത്തൂര്‍ വഴി എയര്‍ഇന്ത്യ നടത്തിയിരുന്ന സര്‍വീസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്ന്, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍നിന്നുള്ള വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ മുംബൈ വഴിയോ ചെന്നൈ വഴിയോ കോഴിക്കോട്-ഡല്‍ഹി റൂട്ടില്‍ പുതിയ ആഭ്യന്തര സര്‍വീസ് അനുവദിക്കണമെന്നും ലോക്‌സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കവെ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

………………………………………………………………………………………………………………

……………………………………………………………………………………………………………….

കരിപ്പൂരില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണം 6 മാസത്തിനകം പൂര്‍ത്തിയാവും

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ടര്‍മിനല്‍ കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. നിലവിലുള്ള ടെര്‍മിനലിനോട് ചേര്‍ന്ന് 80 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടംപൂര്‍ത്തിയാവുന്നതോടെ 2000 ത്തോളംയാത്രക്കാര്‍ക്ക് ഇനി സൗകര്യപ്പെടും.ഈ വര്‍ഷത്തോടെ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി.എന്നാല്‍ സാങ്കേതിക കാരണത്താല്‍ വൈകി.60 ശതമാനം പൂര്‍ത്തീകരിച്ച ടെര്‍മിനല്‍ അടുത്ത മാര്‍ച്ചോടെ ഉദ്ഘാടനം ചെയ്യാനാണ് പദ്ധതി. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര നിര്‍മാണം ഇതിനകംപൂര്‍ത്തിയായിട്ടുണ്ട്. ലിഫ്റ്റ്,എയര്‍കണ്ടീഷന്‍, എസ്‌കലേറ്റര്‍,കണ്‍വെയറുകള്‍ എന്നിവ സ്ഥാപിക്കാനുണ്ട്. ദില്ലിയില്‍ നിന്നെത്തിയ വിമാനത്താവള അതോറിറ്റി ജനറല്‍ മാനേജര്‍ സന്‍ജീവ് ജിന്‍ഡാല്‍ കഴിഞ ദിവസം ടെര്‍മിനലിന്റ പുരോഗതി പരിശോധിച്ചു. എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ,കരാറെടുത്ത കമ്പനിയുടെ പ്രതിനിധി എം.ശെല്‍വരാജ്,കരിപ്പൂര്‍ ഇലക്ട്രിക്കല്‍ വിഭാഗം ജോ.ജനറല്‍ മാനേജര്‍ എം. ശിവരാജു, സിവില്‍ വിഭാഗം ജോയിന്‍ ജനറല്‍മാനേജര്‍ കെ.പി.എസ് കര്‍ത്ത പങ്കെടുത്തു.

chandrika: