കുണ്ടറ(കൊല്ലം): കുണ്ടറ പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന മുത്തച്ഛന്‍ വിക്ടറിനെതിരേ വീണ്ടും കേസ്. പതിനാലുകാരനായ തന്റെ മകനെ ഇയാള്‍ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് വിക്ടറിന്റെ അയല്‍ക്കാരിയായിരുന്ന വീട്ടമ്മ സുധര്‍മ്മ കൊട്ടാരക്കര റൂറല്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാറിന് പരാതി നല്‍കി.
2010ലാണ് പരാതിക്കാരിയുടെ പതിനാലുകാരനായ മകന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യ ചെയ്യുന്നതിന് കാരണങ്ങളൊന്നും ഇല്ലാതിരിക്കെ തന്റെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് വീട്ടമ്മ കുണ്ടറ പോലീസില്‍ പരാതിപ്പെട്ടിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ അത് സംബന്ധിച്ച് യാതൊരു അന്വേഷണവും ഉണ്ടായില്ല. ആത്മഹത്യയെന്ന നിലയില്‍ കേസ് തേഞ്ഞുമാഞ്ഞുപോകുകയായിരുന്നു. മൂന്ന് സെന്റ് ഭൂമി വാങ്ങി അതിലൊരു ചെറിയ വീട് വച്ച് താമസിക്കുകയായിരുന്നു സുധര്‍മ. പ്രായപൂര്‍ത്തിയായ മകളും 14കാരനായ മകനും ഒപ്പമുണ്ടായിരുന്നു. വീട് നിര്‍മിച്ചതില്‍ കടബാധ്യതയുണ്ടായിരുന്നത് പരിഹരിക്കാന്‍ സഹായിക്കാമെന്നേറ്റ് വിക്ടര്‍ പതിവായി വീട്ടിലെത്തിയിരുന്നു. ഒരു ദിവസം മകനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സുധര്‍മ റൂറല്‍ ഡിവൈഎസ്പിക്കുമുന്നില്‍ ഇപ്പോള്‍ മൊഴി നല്‍കിയിട്ടുള്ളത്. കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയും തൂങ്ങിമരണമെന്ന് വരുത്തിതീര്‍ക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. മകന്റെ മരണത്തിനുശേഷം വീട് വിറ്റ് സ്ഥലം മാറിപ്പോവുകയായിരുന്നുവെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.