മുംബൈ: ഹാസ്യകലാകാരന്‍ കുനാല്‍ കമ്രയുടെ ബോസ് യജമാനനോടൊപ്പം എന്ന ട്വീറ്റ് വൈറലായി. സമകാലീന ഇന്ത്യന്‍ സാഹചര്യങ്ങളെ കൂട്ടിയിണക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി മുകേഷ് അംബാനിയുടെയും മോര്‍ഫ് ചെയ്ത ചിത്രമാണ് ട്വീറ്റിലുള്ളത്.
അലാവുദ്ദീനും അത്ഭുത വിളക്കും എന്ന അറേബ്യന്‍ ചിത്രകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ മോദി ഭൂതത്തിന്റെ രൂപത്തിലാണ്. അംബാനിയാകട്ടെ വിളക്കുമായി നില്‍ക്കുന്നു. കാര്‍ഷികബില്ലുകളില്‍ ഉള്‍പ്പെടെ രാജ്യം കുത്തകകള്‍ക്ക് തീറെഴുതുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ ട്വീറ്റിന് ഏറെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സുപ്രീംകോടതിക്കെതിരേ ട്വീറ്റ് ചെയ്തുവെന്നപേരില്‍ കമ്ര കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നുണ്ട്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ വിഷയത്തിലായിരുന്നു കുനാലിന്റെ ട്വീറ്റ്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.