തിരുവനന്തപുരം: ബി.ജെ.പിയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ടു പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്‍. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിനു മൊഴി നല്‍കി. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനെ പറ്റി തനിക്ക് യാതൊരു ബോധ്യവുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി കെ. ജയകുമാര്‍ മുന്‍പാകെ കുമ്മനം മൊഴി നല്‍കി.
വര്‍ക്കല എസ്.ആര്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍ നിന്നു കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചു നല്‍കുന്നതിനായി ബി.ജെ.പി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍.എസ് വിനോദ് കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന് മുമ്പാകെയാണ് കുമ്മനത്തിന്റെ ഒളിച്ചുകളി. നേരത്തെ ആരോപണം അന്വേഷിക്കാന്‍ സമിതിയെ തീരുമാനിച്ചത് താനാണെന്നു കുമ്മനം വ്യക്തമാക്കിയിരുന്നു.
സമിതി അന്വേഷണ റിപ്പോര്‍ട്ട് തന്റെ ഓഫിസ് സെക്രട്ടറിക്കാണു നല്‍കിയതെന്നും അതു താന്‍ കണ്ടിട്ടില്ലെന്നുമാണ് കുമ്മനത്തിന്റെ നിലപാട്. തനിക്കു ലഭിച്ച പരാതിയില്‍ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണു വിനോദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. പണം വാങ്ങിയ ആളും നല്‍കിയ ആളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പ്രശ്‌നമാണിത്. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല.
വി.വി രാജേഷിനെതിരായ നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്. പാര്‍ട്ടി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്ന് ആരോപണത്തിലല്ല നടപടി. എം.ടി രമേശിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി കിട്ടിയാല്‍ അതേപ്പറ്റി അന്വേഷിക്കുമെന്നും കുമ്മനം പിന്നീട് മാധ്യമങ്ങളോടു വ്യക്തമാക്കി.