X
    Categories: MoreViews

മെട്രോയുടെ ‘കുമ്മനാന’ വൈറലായി; പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

കൊച്ചി: മെട്രോയുടെ ആനക്കുട്ടിക്ക് ‘കുമ്മനാന’ എന്ന് പേര് നിര്‍ദ്ദേശിച്ചതോടെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍. കെ.എം.ആര്‍.എല്‍ നിര്‍ദ്ദേശ പ്രകാരമാണ് മെട്രോയുടെ കുട്ടിയാനക്ക് ആളുകള്‍ പേര് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയത്. ‘കുമ്മനാന’ എന്നായിരുന്നു ആളുകള്‍ മുന്നോട്ടുവെച്ച പേര്. പലരും പേരിനെ ട്രോളിയും രംഗത്തുവന്നു. കുമ്മനാന എന്ന പേരിനൊപ്പം പരിഹാസങ്ങളും കൂടി കനത്തതോടെ കെ.എം.ആര്‍.എലും വെട്ടിലാവുകയായിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കെ.എം.ആര്‍.എല്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ കൂടുതല്‍ പേരുകള്‍ നിര്‍ദ്ദേശിക്കണമെന്നും അറിയിക്കുകയും ചെയ്തു. എന്നാല്‍ കുമ്മനാന തന്നെ മതിയെന്ന നിലപാടിലാണ് സാമൂഹ്യമാധ്യമങ്ങള്‍. അതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉടലെടുത്ത പരിഹാസങ്ങള്‍ക്ക് മറുപടിയുമായി കുമ്മനം രാജശേഖരനെത്തിയത്.

നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്ത് ചെയ്താലും തന്റെ ആന്തരിക മനമോനിലയ്ക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ നോക്കിക്കാണുകയാണ്. അരോടും പ്രയാസമില്ല. സന്തോഷവുമില്ലെന്നും കുമ്മനം പ്രതികരിച്ചു.

മെട്രോയുടെ കുട്ടിയാനക്ക് പേരുവേണമെന്നും കൂടുതല്‍ ലൈക്കു കിട്ടുന്ന പേരിടാമെന്നുമാണ് വാഗ്ദാനമുണ്ടായിരുന്നത്. എന്നാല്‍ വ്യക്തിഹത്യ പരാമര്‍ശങ്ങള്‍ ഉടലെടുത്തതോടെ അനിശ്ചിതത്വത്തിലാണ് അധികൃതര്‍. കേശു, ബില്ലു, മിത്ര എന്നിങ്ങനെ മെട്രോ നിര്‍മ്മാണത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിടണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നുവരുന്നുണ്ട്.

chandrika: