X

മെഡിക്കല്‍ കോളേജ് കോഴ; കുമ്മനം രാജശേഖരനും വിജിലന്‍സ് നോട്ടീസ്

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍കോഴ വിവാദത്തില്‍ മൊഴിനല്‍കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വിജിലന്‍സ് നോട്ടീസ് നല്‍കി. ഈ മാസം പത്താം തീയതി മൊഴി നല്‍കാനാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മറ്റൊരു ദിവസം മൊഴിനല്‍കാനെത്താമെന്നാണ് കുമ്മനം രാജശേഖരന്‍ വിജിലന്‍സിന് മറുപടി നല്‍കിയിട്ടുള്ളത്.

മെഡിക്കല്‍ കോഴ ആരോപണത്തില്‍ മറ്റ് ബിജെപി നേതാക്കള്‍ ചൊവ്വാഴ്ച വിജിലന്‍സിനു മൊഴി നല്‍കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍ എന്നിവരാണ് വിജിലന്‍സിനു മൊഴിനല്‍കുക. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങള്‍ക്കു വിജിലന്‍സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നും ആര്‍.എസ്. വിനോദ് കോഴ വാങ്ങിയെന്നത് ബിജെപി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. കോഴ നല്‍കിയതായി ആരോപണമുള്ള വര്‍ക്കലയിലെ കോളേജുടമ ആര്‍ ഷാജിക്കും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വാശ്രയ കോളേജിന് മെഡിക്കല്‍ കോളേജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

chandrika: