ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ സംഘപരിവാര്‍ നീക്കം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. ആര്‍.എസ്.എസ് നിര്‍ദേശപ്രകാരമാണ് ഇത്. കുമ്മനം മത്സരിച്ചാല്‍ തിരുവനന്തപുരത്ത് ജയസാധ്യതയുണ്ടെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കിയതും ആര്‍.എസ്.എസ് ഇടപെടലിനെ തുടര്‍ന്നാണ്. കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വി.മുരളീധരന്‍ പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളിയിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശ്രീധരന്‍ പിള്ള അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ആര്‍.എസ്.എസ് നിലപാട്.
ബി.ജെ.പി നേതൃത്വത്തിലെ രൂക്ഷമായ ഗ്രൂപ്പ് രാഷ്ട്രീയം മൂലമാണ് കുമ്മനം മാറി രണ്ട് മാസം കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയാതിരുന്നത്. കെ.സുരേന്ദ്രന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസ്ഥാന പ്രസിഡണ്ട് പദവിക്ക് വേണ്ടി ചരടുവലികള്‍ ശക്തമാക്കിയതോടെയാണ് ദേശിയ നേതൃത്വം പ്രതിസന്ധിയിലായത്.
ഈ സാഹചര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റേയും ബി.ജെ.പി ദേശീയ നേതൃത്വത്തിന്റേയും വിലയിരുത്തല്‍.