X

കോണ്‍ഗ്രസ് ഒരുക്കമെങ്കില്‍ സഖ്യം തുടരാമെന്ന് കുമാരസ്വാമി തീരുമാനിക്കേണ്ടത് ഹൈക്കമാന്റെന്ന് പി.സി.സി


ബംഗളൂരു: കോണ്‍ഗ്രസിന് താല്‍പര്യമുണ്ടെങ്കില്‍ കര്‍ണാടകയിലെ രാഷ്ട്രീയ സഖ്യം തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകാന്‍ ഒരുക്കമാണെന്ന് ജെ.ഡി.എസ് നേതാവും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിന്റെ പ്രതികരണം. സര്‍ക്കാര്‍ വീണാലും സഖ്യം തുടരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ജെ.ഡി.എസുമായി സഖ്യം തുടരുന്നതിനോട് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുള്ളതായാണ് വിവരം. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റിനുമേല്‍ ചാരി സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കാത്തതെന്നാണ് വിവരം.14 മാസത്തെ ഭരണത്തില്‍ സംസ്ഥാനത്തിന് നന്മ വരുത്തുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലേയും വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുമ്പൊരു കാലത്തും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രാഷ്ട്രീയ കുതിരക്കച്ചവടമാണ് കര്‍ണാടകയില്‍ അരങ്ങേറിയതെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ നഷ്ടമെന്നായിരുന്നു കര്‍ണാടകയിലെ രാഷ്ട്രീയ അട്ടിമറിയോട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നിക്ഷിപ്ത താല്‍പര്യങ്ങളാണ് സര്‍ക്കാറിന്റെ പതനത്തിന് വഴിയൊരുക്കിയതെന്നും ആരുടേയും പേരെടുത്തു പറയാതെ രാഹുല്‍ വിമര്‍ശിച്ചു.

web desk 1: