ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി നാളെ വിശ്വാസവോട്ട് തേടും. രാവിലെ സ്പീക്കറെ തെരഞ്ഞെടുത്ത ശേഷമായിരിക്കും വിശ്വാസവോട്ടെടുപ്പ് നടക്കുകയെന്ന് കര്‍ണാടക ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര് രമേശ് കുമാറാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല.
224 അംഗ സഭയില്‍ 221 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കുമാരസ്വാമി രണ്ടിടത്ത് മത്സരിച്ചതിനാല്‍ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മറ്റു രണ്ടു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിട്ടുമില്ല. 117 എം.എല്‍.എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്.
യെദ്യൂരപ്പ രാജിവെച്ചതിനു പിന്നാലെയും കോണ്‍ഗ്രസ്-ജെ.ഡി.എസ് പാളയത്തില്‍ നിന്ന് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാല്‍ എം.എല്‍.എമാര്‍ ഇപ്പോഴും റിസോര്‍ട്ടില്‍ തന്നെയായതിനാല്‍ ബി.ജെ.പിക്ക് ഇവരെ സ്വാധീനിക്കാനായിട്ടില്ലെന്നാണ് വിവരം.