X

കുമാരനാശാന്റെ വിയോഗത്തിന് തൊണ്ണൂറ്റിയൊമ്പതാണ്ട്

ക്ഷിതിയിലഹഹ! മര്‍ത്യ ജീവിതം
പ്രതിജനഭിന്ന വിചിത്ര മാര്‍ഗ്ഗമാം
പ്രതിനവരസമാ,മതോര്‍ക്കുകില്‍
കൃതികള്‍ മനുഷ്യ കഥാനു ഗായികള്‍!

മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ലീലയിലെ ഈ വരികള്‍ എന്നും എളുത്തുകാര്‍ക്ക് മാത്രമല്ല, ഓരോ മനുഷ്യനും പ്രസക്തമായതാണ്. ലീല എന്ന കാവ്യം എഴുതാന്‍ തനിക്ക് പ്രചോദനമായത് ലൈല മജ്‌നു എന്ന പേര്‍ഷ്യന്‍ കഥയാണെന്ന് ആശാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ലീലക്ക് പുറമെ, നളിനി ,ചണ്ഡാലഭിക്ഷുകി, വീണപൂവ്, ദുരവസ്ഥ, പ്രരോദനം, കരുണ, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് കുമാരനാശാന്റെ കൃതികള്‍. ഇവയെല്ലാം വിഖ്യാതമാണ്. ആശാന്റെ ഓരോ വരികളും വാക്കുകളും ഇന്നും മലയാളഭാഷക്ക് അന്യൂനമായ സംഭാവനയാണ്. അവയുടെ ഭാഷാഭംഗിയും ആശയഗാംഭീര്യവും എന്നും മലയാളിയുടെ മനോസര്‍ഗഭാവനകളില്‍ തത്തിക്കളിക്കുന്നു. സാഹിത്യശാഖക്ക് പുറമെ പൊതുരംഗത്തും അദ്ദേഹം തന്റേതായ സംഭാവന നല്‍കിയിരുന്നു. ആശാന്റെ 99-ാം ചരമവാര്‍ഷികമാണിന്ന്. 1924 ജനുവരി 16ന് ആലപ്പുഴയിലെ പല്ലനയാറ്റില്‍ നടന്ന ബോട്ടപകടമാണ് ആ മഹാമനീഷിയുടെ ജീവിതത്തെ തട്ടിയെടുത്തുകളഞ്ഞത്.
അന്തമില്ലാത്തൊരാഴത്തിലേക്കിതാ
ഹന്ത താഴുന്നു ,താഴുന്നു ഞാനഹോ
എന്ന് പാടിയാണ് കവിയുടെ ജീവിതം കായലോളങ്ങളുടെ ആഴപ്പരപ്പില്‍ അവസാനിക്കുന്നത്. മലയാളത്തിന്റെ കവിത്രയങ്ങളിലൊരാള്‍. വെറും അമ്പതാം വയസ്സിലാണ് ദുരന്തം കവിയുടെ ജീവിതത്തെ കവര്‍ന്നെടുക്കുന്നത്. കായിക്കരയില്‍ 1873 ഏപ്രില്‍ 12നാണ് ജനനം. മദ്രാസ് സര്‍വകലാശാല 1922ലാണ് കവിക്ക് മഹാകവി പട്ടം നല്‍കുന്നത്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായും അദ്ദേഹം ശ്രദ്ധനേടി. 1907ലായിരുന്നു ‘വീണപൂവെ ‘ങ്കില്‍ മരണത്തിന് തൊട്ടുമുമ്പ് 1923ലായിരുന്നു കരുണ യുടെ പിറവി. ആശാന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ തപാല്‍സ്റ്റാമ്പ് പുറത്തിറക്കിയത് 1973ലാണ്. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ ആ ജീവിതം എന്നെന്നും മലയാളിക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

Chandrika Web: