ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. കര്‍ണാടകയിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന നടപടിയാവണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് കുമാരസ്വാമി പിന്നീട് പ്രതികരിച്ചു.
തമിഴ്‌നാടുമായി പതിറ്റാണ്ടുകളായി തുടരുന്ന കാവേരി ജലവിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടുത്തിടെയാണ് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ചത്. ഫെബ്രുവരി 16നു വന്ന സുപ്രീം കോടതി വിധിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു അതോറിറ്റി രൂപീകരണം. ആറ് ആഴ്ചക്കുള്ളില്‍ അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും ഇപ്പോഴാണ് ചെയര്‍മാന്‍ അടക്കം ഒരു പത്തംഗ അതോറിറ്റി രൂപീകരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയത്.
സമ്പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിക്കുന്നതടക്കമുള്ള സംസ്ഥാനത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കുമാര സ്വാമി ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ തുഗ്ലക്ക് ലെയിനിലുള്ള വീട്ടിലായിരുന്നു 30 മിനിറ്റ് നീണ്ട കൂടിക്കാഴ്ച. സമ്പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സിദ്ധരാമയ്യ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടി സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷനെ തന്നെ കുമാരസ്വാമി സമീപിച്ചത്.
കൂടിക്കാഴ്ച ഔപചാരികം മാത്രമായിരുന്നെന്ന് കുമാരസ്വാമി പിന്നീട് പറഞ്ഞു. കര്‍ണാടകയിലെ സഖ്യകക്ഷി സര്‍ക്കാരിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ രാഹുലുമായി ചര്‍ച്ച ചെയ്‌തെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാനത്തിന്റെ വികസനത്തിനായി രാഹുലിന്റെ നിര്‍ദ്ദേശങ്ങള്‍ തേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ത്രിസഭാ വികസനം ചര്‍ച്ചയായില്ല. അക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസാണെന്നായിരുന്നു ഇതിനോട് കുമാരസ്വാമിയുടെ പ്രതികരണം.
അടുത്ത മാസം മുതലാണ് കര്‍ണാടകയില്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. കര്‍ണാടകയില്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കുമാരസ്വാമി തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു.