X
    Categories: indiaNews

ഉന്നാവ് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; കുല്‍ദീപ് സെന്‍ഗാറിന് കോടതിയുടെ ക്ലീന്‍ ചീറ്റ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കില്ലെന്ന് ഡല്‍ഹി സിബിഐ കോടതി. കേസ് അന്വേഷിച്ച സിബിഐ സംഘം സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് കോടതി അംഗീകരിച്ചു.

2019ലാണ് കേസിന് ആസ്പദമായ സംഭവം നന്നത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ അപകടവുമായി സെന്‍ഗാറിനെ ബന്ധപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

സിബിഐ അന്വേഷണത്തിന്റെ കൃത്യതയും വിശ്വാസ്യതയും സംശയിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ധര്‍മേഷ് ശര്‍മ പറഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു കഥമാത്രമാണ് പരാതിക്ക് അടിസ്ഥാനമെന്നും കോടതി പരാമര്‍ശിച്ചു.

2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നു പെണ്‍കുട്ടി പൊലീസ് പരാതി നല്‍കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട കോടതി നടപടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ മര്‍ദിച്ചു. കള്ളക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ പെണ്‍കുട്ടി ആത്മാഹുതിക്കു ശ്രമിക്കുകയായിരുന്നു. ഇതിനു തൊട്ടടുത്തദിവസം പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.

കോടതി ഇടപെടലില്‍ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മാവനെ പഴയ കേസ് കുത്തിപ്പൊക്കി ജയിലിലടച്ചു. അമ്മാവനെ കണ്ടുമടങ്ങിയ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട് ബന്ധുക്കള്‍ മരിച്ചു. പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേറ്റു. സംഭവം വിവാദമായതോടെ സുപ്രീം കോടതി ഇടപെടലില്‍ പെണ്‍കുട്ടിയുടെ ചികിത്സ ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു. കേസുകളുടെ വിചാരണയും ഡല്‍ഹി കോടതിയിലേക്കു മാറ്റി.

 

Test User: